കെഎസ്ആർടിസിക്ക് സ്വന്തമായി ഒരു ക്രിക്കറ്റ് ടീം വരുന്നു. ടീം സെലക്ഷൻ നടപടികൾ പൂർത്തിയാക്കിയതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. കേരള, ഇന്ത്യൻ ടീം സെലക്ഷനുകളുടെ മാതൃകയിൽ തികച്ചും പ്രൊഫഷണൽ രീതിയിലാണ് ടീമിനെ തിരഞ്ഞെടുത്തതെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. കളി മികവിൻ്റെ അടിസ്ഥാനത്തിൽ മാത്രം, യാതൊരു ശുപാർശകളുമില്ലാതെയാണ് ടീം അംഗങ്ങളെ കണ്ടെത്തിയത്.
വിദഗ്ധരും മുൻ താരങ്ങളും ചേർന്ന സമിതിയാണ് സെലക്ഷൻ നടത്തിയത്. കേരളത്തിലെ ഏറ്റവും മികച്ച പ്രൊഫഷണൽ ടീമുകളുടെ നിലവാരത്തിലേക്ക് കെഎസ്ആർടിസി ടീമിനെ വളർത്താനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഈ ടീമിൻ്റെ പ്രകടനം വരും നാളുകളിൽ കാണാമെന്നും ദേശീയ തലത്തിൽ വരെ കളിക്കാൻ കഴിവുള്ള കളിക്കാരെയാണ് തിരഞ്ഞെടുത്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ കെഎസ്ആർടിസിക്ക് വോളിബോൾ, ഫുട്ബോൾ ടീമുകൾ ഉണ്ടായിരുന്നെങ്കിലും ക്രിക്കറ്റ് ടീം രൂപീകരിക്കുന്നത് ഇതാദ്യമായാണ്. 1980-കളിൽ സംസ്ഥാന തലത്തിൽ മത്സരിച്ച ഫുട്ബോൾ ടീം പിന്നീട് പിരിച്ചുവിട്ടിരുന്നു. മറ്റ് വകുപ്പുകളായ കേരള പോലീസ്, കെഎസ്ഇബി എന്നിവയ്ക്ക് ഫുട്ബോൾ, ബാസ്കറ്റ്ബോൾ ടീമുകളുണ്ട്. കെഎസ്ഇബിയുടെ വോളിബോൾ, ബാസ്കറ്റ്ബോൾ ടീമുകൾ ദക്ഷിണേന്ത്യയിലെ മികച്ച ടീമുകളായാണ് അറിയപ്പെടുന്നത്.
