‘ആവാസവ്യൂഹം’, ‘പുരുഷ പ്രേതം’ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ വിസ്മയങ്ങൾ തീർത്ത സംവിധായകൻ കൃഷാന്ദിന്റെ ഏറ്റവും പുതിയ സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രം “മസ്തിഷ്ക മരണം: സൈമൺസ് മെമ്മറീസ്” ലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കോമള താമര’ എന്ന് തുടങ്ങുന്ന ഈ ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ തരംഗമായിക്കഴിഞ്ഞു.
വർക്കി സംഗീതം നൽകിയ ഗാനം പ്രണവം ശശിയാണ് ആലപിച്ചിരിക്കുന്നത്. അനിൽ ലാൽ, ആന്ദ്രേ റാപ്പ് എന്നിവരുടെ വോക്കലുകളും ഗാനത്തിന് മാറ്റുകൂട്ടുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രം ‘ഗഗനചാരി’ക്ക് ശേഷം കൃഷാന്ദും നിർമ്മാതാക്കളും വീണ്ടും ഒന്നിക്കുന്ന വലിയ പ്രോജക്റ്റാണ്.
2046-ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം വിഷ്വൽ എഫക്റ്റുകൾക്കും (VFX) ഏറെ പ്രാധാന്യം നൽകുന്നുണ്ട്. നടി രജിഷ വിജയൻ ആദ്യമായി നൃത്തം ചെയ്യുന്ന ഗാനം എന്ന പ്രത്യേകതയും “കോമള താമര”യ്ക്കുണ്ട്. ‘സൂക്ഷ്മദർശിനി’യിലെയും ‘ബേബി ബേബി’യിലെയും ഹിറ്റ് നൃത്തച്ചുവടുകൾ ഒരുക്കിയ ഡാൻസിങ് നിഞ്ച ടീമാണ് ഇതിന്റെ കൊറിയോഗ്രാഫി നിർവഹിച്ചത്. ‘ബ്ലേഡ് റണ്ണർ’ പോലെയുള്ള ക്ലാസിക് ചിത്രങ്ങളുടെ മാതൃകയിൽ ഒരു വേറിട്ട സിനിമാലോകം സൃഷ്ടിക്കുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഈ വർഷം ജൂലൈയിൽ ആരംഭിക്കുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.
