കുറച്ചുകൂടി ശ്രദ്ധ വേണമായിരുന്നു; ഫൈനൽ തോല്‍വിയില്‍ കുറ്റസമ്മതവുമായി പഞ്ചാബ് താരം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലില്‍ ആറ് റണ്‍സിനാണ് പഞ്ചാബ് കിംഗ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടത്. ഇപ്പോഴിതാ ആ തോൽ‌വിയിൽ കുറ്റസമ്മതവുമായി എത്തിയിരിക്കുകയാണ് പഞ്ചാബ് താരം നെഹാല്‍ വധേര. കിരീടപ്പോരില്‍ മികച്ച ബാറ്റിംഗ് വിക്കറ്റില്‍ ആര്‍സിബിയെ 190 റൺസില്‍ ഒതുക്കിയിട്ടും പഞ്ചാബ് ആറ് റണ്‍സിന്‍റെ തോല്‍വി വഴങ്ങുകയായിരുന്നു. പഞ്ചാബിനായി അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ നെഹാല്‍ വധേര 18 പന്തില്‍ 15 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. താന്‍ കുറച്ചുകൂടി വേഗത്തിൽ ബാറ്റ് ചെയ്തിരുന്നെങ്കില്‍ കിരീടം പഞ്ചാബ് നേടുമായിരുന്നുവെന്ന് നെഹാല്‍ വധേര ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്നിംഗ്സിന്‍റെ വേഗം കൂട്ടുന്നതില്‍ എനിക്ക് പിഴച്ചു. മത്സരം അവസാന ഓവറുകളിലേക്ക് നീട്ടാതെ ഞാന്‍ കുറച്ചുകൂടി ശ്രദ്ധയോടെ ബാറ്റ് ചെയ്യേണ്ടതായിരുന്നു. സംഭവിച്ച പിഴവിന് ഞാന്‍ വേറെ ആരെയും കുറ്റപ്പെടുത്തുന്നില്ല. പിച്ചിനെ ഒരു കാരണവശാലും ഞാന്‍ കുറ്റം പറയില്ല. കാരണം. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഈ പിച്ചില്‍ 190 റണ്‍സടിച്ചിരുന്നു. കളി അവസാനം വരെ കൊണ്ടുപോയാല്‍ ജയിക്കാമെന്നായിരുന്നു ഞാന്‍ കണക്കുകൂട്ടിയത്. എനിക്ക് തന്നെ കളി ഫിനിഷ് ചെയ്യാന്‍ ലഭിച്ച അപൂര്‍വ അവസരമായിരുന്നു അത്. മുൻ മത്സരങ്ങളിലെല്ലാം ഇന്നിംഗ്സിന് വേഗം കൂട്ടേണ്ടപ്പോൾ എനിക്ക് അങ്ങനെ ചെയ്യാനും ഞങ്ങള്‍ക്ക് ജയിക്കാനും കഴിഞ്ഞിട്ടുണ്ട്. പക്ഷെ ഫൈനലില്‍ മാത്രം പിഴച്ചു- നെഹാല്‍ വധേര പറഞ്ഞു.

ചില ദിവസങ്ങളില്‍ നമ്മള്‍ എന്ത് ചെയ്താലും ക്ലിക്ക് ആവില്ല. ഫൈനലും എന്നെ സംബന്ധിച്ച് അത്തരമൊരു മത്സരമായിരുന്നു. എങ്കിലും ചെയ്ത കാര്യങ്ങളില്‍ എനിക്ക് പശ്ചാത്താപമില്ല. മറുവശത്ത് വിക്കറ്റുകള്‍ വീണപ്പോള്‍ കളി അവസാനം വരെ നീട്ടി കൊണ്ടുപോകാനാണ് ഞാന്‍ ശ്രമിച്ചത്. എങ്കിലും എനിക്ക് കുറച്ച് കൂടി വേഗതയില്‍ ബാറ്റ് ചെയ്യാമായിരുന്നു. അതാണ് ഈ തോല്‍വിയില്‍ നിന്ന് ഞാന്‍ പഠിച്ച പാഠം. ഭാവിയില്‍ എനിക്കത് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്-നെഹാല്‍ വധേര വ്യക്തമാക്കി. സീസണില്‍ 145.84 സ്ട്രൈക്ക് റേറ്റില്‍ 369 റണ്‍സടിച്ച നെഹാല്‍ വധേര പഞ്ചാബിന്റെ മധ്യനിരയില്‍ തിളങ്ങിയിരുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *