dies-ira-680x450.jpg

യാത്രകളെ സ്നേഹിക്കുന്ന പ്രണവ് മോഹൻലാൽ ഇടവേളകൾക്ക് ശേഷം എത്തുന്ന ചിത്രങ്ങൾക്കായി ആരാധകർ ഒന്നടങ്കം കാത്തിരിക്കാറുണ്ട്. അത്തരത്തിൽ ഒടുവിലെത്തിയ ചിത്രമാണ് ‘ഡീയസ് ഈറേ’. ഹൊറർ സിനിമകൾക്ക് മലയാള സിനിമയിൽ പുതിയ തലം നൽകിയ സംവിധായകൻ രാഹുൽ സദാശിവൻ ഒരുക്കിയ ഈ ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടി പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ ചിത്രം ബോക്സോഫീസിൽ നേടിയ കളക്ഷൻ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഒക്ടോബർ 31-ന് റിലീസ് ചെയ്ത ‘ഡീയസ് ഈറേ’ ആദ്യ നാല് ദിവസങ്ങൾ കൊണ്ട് ലോകമെമ്പാടുമായി 43 കോടി രൂപ നേടിയതായി പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിൽ 39.70 കോടി രൂപയാണ് നേടിയതെന്ന് ട്രാക്കിംഗ് സൈറ്റായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിൽ നിന്നു മാത്രം മൂന്ന് ദിവസത്തിൽ 15.45 കോടി രൂപയും ചിത്രം നേടി.

ഈ കുതിപ്പ് തുടരുകയാണെങ്കിൽ അധികം വൈകാതെ 50 കോടി ക്ലബ്ബ് എന്ന നാഴികക്കല്ല് പ്രണവ് മോഹൻലാൽ ചിത്രം മറികടക്കും. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, പ്രണവ് മോഹൻലാലിൻ്റെ കരിയറിലെ മൂന്നാമത്തെ 50 കോടി ചിത്രമായിരിക്കും ഈ ഹൊറർ ത്രില്ലർ.

‘ദി ഡേ ഓഫ് റാത്ത്’ (ക്രോധത്തിൻ്റെ ദിനം) എന്ന ടാഗ് ലൈനോടെ എത്തിയ ഈ ചിത്രം, മമ്മൂട്ടിയുടെ ‘ഭ്രമയുഗ’ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്തതിനാൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. ആ പ്രതീക്ഷ വെറുതെയായില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് പ്രണവും ക്രിസ്റ്റോ സേവ്യർ സംഗീതം ഒരുക്കിയ ചിത്രവും കാഴ്ചവെച്ചത്. ഈ ഹൊറർ ത്രില്ലർ പ്രണവ് മോഹൻലാലിൻ്റെ കരിയറിലെ തന്നെ വലിയൊരു ബ്രേക്ക് ആണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *