DEADBODY.jpg

പാലക്കാട് അട്ടപ്പാടിയിലെ കരുവാര ഉന്നതിയിൽ മരിച്ച നാലുവയസുകാരൻ അജിനേഷിനും ഏഴുവയസുകാരൻ ആദിക്കും ഗുരുതര പരിക്കുകളുണ്ടായിരുന്നതായി പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആദിക്ക് വലത് തുടയെല്ലിനും നെഞ്ചിലുമാണ് പരിക്കേറ്റത്. തുടയെല്ലിലെ മുറിവിനെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് ആദിയുടെ മരണകാരണം. അജിനേഷിന് തലയിലും നെഞ്ചിലുമാണ് ഗുരുതര പരിക്കുകൾ ഏറ്റിരുന്നത്. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്നും, ആദിയെ കൊണ്ടുവരുമ്പോൾ നേരിയ അനക്കമുണ്ടായിരുന്നുവെന്നും കോട്ടത്തറ ആശുപത്രി അധികൃതർ പോലീസിന് മൊഴി നൽകി. തുടയെല്ലിലെ പൊട്ടൽ മൂലമുള്ള ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചത്. വെന്റിലേറ്ററിലേക്ക് മാറ്റുന്നതിനു മുമ്പേ മരണം സംഭവിച്ചുവെന്നും അധികൃതർ മൊഴിയിൽ കൂട്ടിച്ചേർത്തു.

പാലക്കാട് അട്ടപ്പാടിയിലെ കരുവാര ഊരിൽ നവംബർ 8-നാണ് ദാരുണമായ സംഭവം നടന്നത്. പാതി പണി പൂർത്തിയായ, ഉപയോഗശൂന്യമായി കിടന്നിരുന്ന വീട് ഇടിഞ്ഞാണ് സഹോദരങ്ങളായ ആദി (7), അജിനേഷ് (4) എന്നിവർക്ക് ജീവൻ നഷ്ടമായത്. അപകടത്തിൽ ബന്ധുവായ അഭിനയ (6) എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും നിലവിൽ ചികിത്സയിൽ കഴിയുകയുമാണ്. വനത്തിനുള്ളിൽ മുക്കാലിയിൽ നിന്നും നാല് കിലോമീറ്റർ അകലെയുള്ള ഊരിലാണ് അപകടം നടന്നത്. മേൽക്കൂരയില്ലാത്തതും മഴയും വെയിലുമേറ്റ് ദുർബലമായതുമായ ഈ വീടിന്റെ സൺഷേഡിൽ കുട്ടികൾ സ്ഥിരമായി കയറി കളിക്കാറുണ്ടായിരുന്നു. സ്കൂളില്ലാത്ത ദിവസം കളിക്കാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. അപകടം നടന്ന വീടിന് തൊട്ടടുത്താണ് കുട്ടികളുടെ വീട്. അപകടത്തിൽപ്പെട്ട കുട്ടികളെ വനം വകുപ്പിന്റെ ജീപ്പിലാണ് ആശുപത്രിയിലെത്തിച്ചത്. അജയ്-ദേവി ദമ്പതികളുടെ മക്കളാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *