നിയമപരമായി കുട്ടികൾക്ക് നൽകേണ്ട പരിരക്ഷ യഥാസമയം ഉറപ്പുവരുത്തണമെന്നും ഇതിൽ ഓരോ വകുപ്പുകളുടെയും ചുമതല അതത് ഉദ്യോഗസ്ഥർ കൃത്യമായി മനസ്സിലാക്കി പ്രവർത്തിക്കണമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ. ജലജ ചന്ദ്രൻ പറഞ്ഞു.
ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ബാലനീതി, പോക്സോ, ആർടിഇ നിയമങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കർത്തവ്യ വാഹകരുടെ ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മിഷൻ അംഗം. കുട്ടികൾ നിഷ്കളങ്കരാണെന്നും അവരെ കളങ്കമുള്ളവരാക്കി മാറ്റുന്നത് സമൂഹമാണെന്നും അവർ പറഞ്ഞു.
കുട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ വകുപ്പുകളിലെയും ജീവനക്കാരെ ഉൾപ്പെടുത്തിയാണ് യോഗം സംഘടിപ്പിച്ചത്. കുട്ടികളുമായി ബന്ധപ്പെട്ട കേസുകൾ ഉണ്ടാകുമ്പോൾ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ നേരിടുന്ന വെല്ലുവിളികൾ, പരിഹരിക്കപ്പെടാത്ത കേസുകൾ, അവയുടെ കാരണങ്ങൾ, മുന്നോട്ടുള്ള പ്രവർത്തന രീതികൾ, ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ യോഗത്തിൽ വിശകലനം ചെയ്തു. പരിപാടിയിൽ ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം കെ കെ ഷാജു, ജില്ലാ ശിശു സംരക്ഷണ ഓഫീസർ മായ എസ് പണിക്കർ, സിഡബ്ല്യൂസി ചെയർപേഴ്സൺ അഡ്വ. ഗീത, പൊലീസ്, എക്സൈസ്, ആരോഗ്യം വിദ്യാഭ്യാസം, തൊഴിൽ, ഫിഷറീസ്, ശിശു സംരക്ഷണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
