കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയയായ പെൺകുട്ടിയുടെ വിവാദ വിവാഹവുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചു. പെൺകുട്ടിയുടെയും ഭർത്താവ് ഫർമാൻ ഖാന്റെയും മൊഴി രേഖപ്പെടുത്തുന്നതിനായി മധ്യപ്രദേശ് പൊലീസ് സംഘം കൊച്ചിയിലെത്തി. കൊച്ചിയിലെ പ്രാദേശിക പൊലീസിന്റെ സഹായത്തോടെയായിരിക്കും ഇരുവരുടെയും മൊഴിയെടുക്കൽ നടപടികൾ പൂർത്തിയാക്കുക. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്ന് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. എന്നാൽ, വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തി. 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നുണ്ട്. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായും കമ്മീഷന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മധ്യപ്രദേശ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിഷയത്തിൽ ഗൗരവകരമായ ഇടപെടൽ നടത്തിയ കമ്മീഷൻ, കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഡൽഹിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നു.
അതേസമയം, പ്രായപൂർത്തിയായെന്ന് വിശ്വസിപ്പിച്ചാണ് ഇവർ മുൻപ് പൊലീസ് സംരക്ഷണം തേടിയതെന്നാണ് വിവരം. വിവാഹത്തിന് മുൻപ് പെൺകുട്ടിയും പിതാവും ഫർമാൻ ഖാനും തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ബന്ധുക്കൾ നിർബന്ധപൂർവ്വം മറ്റൊരു വിവാഹത്തിന് പ്രേരിപ്പിക്കുന്നുവെന്നും സംരക്ഷണം വേണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ആ സമയത്ത് ഹാജരാക്കിയ ആധാർ കാർഡിലും നഗരപഞ്ചായത്ത് ജനന സർട്ടിഫിക്കറ്റിലും പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞതായാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഈ രേഖകൾ വ്യാജമാണെന്നാണ് നിലവിലെ കണ്ടെത്തൽ. സിനിമാ ലൊക്കേഷനിലെ സഹപ്രവർത്തകർക്കൊപ്പമാണ് അന്ന് പെൺകുട്ടി സ്റ്റേഷനിൽ നിന്ന് മടങ്ങിയത്. സംഭവത്തിൽ പത്ത് ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് മധ്യപ്രദേശിലെ മഹേശ്വർ പൊലീസ് കേസെടുത്തത്. നിലവിൽ കൊച്ചിയിലെത്തിയ പൊലീസ് സംഘം പെൺകുട്ടിയുടെയും ഭർത്താവിന്റെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികളിലേക്ക് കടക്കും.
