തൃശൂർ: കിണറ്റില്‍ വീണ മകനെ രക്ഷിക്കാനിറങ്ങിയ , അച്ഛൻ ശ്വാസം മുട്ടി മരിച്ചു.കളിക്കുന്നതിനിടെ കിണറ്റില്‍ വീണ മൂന്നുവയസ്സുകാരനെ രക്ഷിക്കാൻ പിന്നാലെ ചാടിയ അച്ഛൻ ശ്വാസംമുട്ടി മരിച്ചു.
വടക്കാഞ്ചേരിക്ക് സമീപം വാരിയത്ത് വീട്ടില്‍ വിഷ്ണു (32) ആണ് മരിച്ചത്. കിണറ്റിലെ ചേറില്‍ കുടുങ്ങിയ വിഷ്ണുവിനെ അഗ്നിരക്ഷാസേന പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട മകൻ അരുഷ് നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് അപകടം നടന്നത്. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന അരുഷ് ആള്‍മറയില്ലാത്ത കിണറ്റിലേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് വിഷ്ണു ഉടൻതന്നെ കിണറ്റിലേക്ക് ചാടി. ബഹളം കേട്ടെത്തിയ അയല്‍വാസി വൈശാഖ് ഉടൻ കിണറ്റിലിറങ്ങി കുട്ടിയെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു.
സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന കുട്ടി സുരക്ഷിതനാണെന്ന് കണ്ട് മടങ്ങാൻ ഒരുങ്ങുമ്പോഴാണ് വിഷ്ണുവിനെ കാണാനില്ലെന്ന വിവരം വീട്ടുകാർ ശ്രദ്ധിക്കുന്നത്. വിഷ്ണുവും കിണറ്റില്‍ ചാടിയിട്ടുണ്ടാകാമെന്ന സംശയത്തെത്തുടർന്ന് സേനാംഗങ്ങള്‍ വീണ്ടും കിണറ്റിലിറങ്ങി തിരച്ചില്‍ നടത്തി. കിണറിന്റെ അടിത്തട്ടിലെ ചേറില്‍ കുടുങ്ങിയ നിലയിലായിരുന്നു വിഷ്ണു.
കിണറ്റിനുള്ളില്‍ ഓക്സിജന്റെ അളവ് വളരെ കുറവായിരുന്നുവെന്നും ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായും രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തവർ പറഞ്ഞു. നിർമ്മാണത്തൊഴിലാളിയായ വിഷ്ണുവിന്റെ അപ്രതീക്ഷിത മരണം നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അരുഷ് നിലവില്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സുനിതയാണ് വിഷ്ണുവിന്റെ ഭാര്യ.
