സംസ്ഥാനത്തെ കാർഷിക മേഖലയെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി സ്മാർട്ട് ഫാമിംഗും യന്ത്രവൽക്കരണവും വിപുലമായി നടപ്പിലാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കാർഷിക മേഖലയിലെ ഉൽപ്പാദകർക്കും വിതരണക്കാർക്കുമായി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാലാവസ്ഥാ വ്യതിയാനവും തൊഴിലാളി ക്ഷാമവും കാർഷിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. സാങ്കേതിക സഹായത്തോടെ മാത്രമേ ഇതിന് പരിഹാരം സാധ്യമാകു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നിവ കൃഷിയിൽ ഉൾപ്പെടുത്തി ‘സ്മാർട്ട് ഫാമിംഗ്‘ വിപുലമാക്കും. മൊബൈൽ ഫോൺ ഉപയോഗിച്ച് ജലസേചനം നിയന്ത്രിക്കാൻ കഴിയുന്ന സാങ്കേതികവിദ്യ ഇതിന്റെ ഭാഗമാണ്. കൃഷിയിൽ ഡ്രോണുകളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 60-ഓളം ഡ്രോണുകൾ അനുവദിച്ചിട്ടുണ്ട്. ഡ്രോണുകൾ ഉപയോഗിച്ച് വിത്ത് വിതയ്ക്കുന്നതിലൂടെ വിത്തിന്റെ അളവ് 50 ശതമാനമായി കുറയ്ക്കാനും ഉൽപ്പാദനം വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിൽ നിലവിൽ 23,500-ലധികം കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംരംഭം നടപ്പിലാക്കുന്നത്. ഈ കൃഷിക്കൂട്ടങ്ങൾക്ക് കാർഷിക യന്ത്രങ്ങൾ വാങ്ങുന്നതിനായി 80 ശതമാനം സബ്സിഡി സർക്കാർ നൽകുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം കൂടി ഉറപ്പാക്കി സബ്സിഡിയായി വർദ്ധിപ്പിക്കാനാകും. ഇതിലൂടെ കർഷകരുടെ ഉൽപ്പാദനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയും. കാർഷിക കേന്ദ്രങ്ങളിലൂടെ ഓരോ പഞ്ചായത്തിലും യന്ത്രവൽകൃത സംവിധാനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ആധുനിക കൃഷിരീതികൾ പഠിക്കുന്നതിനായി 50 വയസ്സിൽ താഴെയുള്ള 27 കർഷകരെ ഇസ്രായേലിലേക്ക് അയച്ചിരുന്നു. വരും കാലങ്ങളിലും കർഷകർക്ക് ഇത്തരം അന്താരാഷ്ട്ര പരിശീലനങ്ങൾ നൽകുന്നത് തുടരും. ഭാവിയിലേക്കുള്ള ലക്ഷ്യങ്ങൾ മുൻനിർത്തി ‘ഫാം പ്ലാനുകളുടെ‘ അടിസ്ഥാനത്തിലുള്ള കൃഷിരീതിയിലേക്കാണ് സർക്കാർ നീങ്ങുന്നതെന്നും എല്ലാ ജില്ലകളിലും ഫാം മെഷിനറി ക്ലിനിക്കുകൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഫാം മെഷിനറി റിപ്പയറിംഗുമായി ബന്ധപ്പെട്ട പുതിയ സോഫ്റ്റ്‌വെയർ പോർട്ടലും, മൈക്രോ ഇറിഗേഷന് മുൻഗണന നൽകിക്കൊണ്ടുള്ള ‘കേരള കർഷകൻ‘ മാസികയുടെ പ്രത്യേക പതിപ്പും ചടങ്ങിൽ മന്ത്രി പുറത്തിറക്കി. കൃഷി വകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ, സ്റ്റേറ്റ് അഗ്രികൾച്ചറൽ എൻജിനിയർ സി. കെ. രാജ്‌മോഹൻ തുടങ്ങിയവർ സന്നിഹിതരായി.
