വനിതാ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ അനായാസം ജയിക്കാമായിരുന്ന മത്സരം കൈവിട്ടതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്മൃതി മന്ദാന. 289 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാല് റൺസിനാണ് അപ്രതീക്ഷിത തോൽവി വഴങ്ങിയത്. 94 പന്തിൽ 88 റൺസെടുത്ത് തകർപ്പൻ പ്രകടനം കാഴ്ചവെച്ച മന്ദാന പുറത്തായതിന് ശേഷമാണ് ഇന്ത്യയുടെ ബാറ്റിംഗ് തകർച്ച ആരംഭിച്ചത്.
42-ാം ഓവറിലെ രണ്ടാം പന്തിൽ മന്ദാന പുറത്താകുമ്പോൾ, 52 പന്തിൽ 55 റൺസ് മാത്രമായിരുന്നു ഇന്ത്യക്ക് വിജയത്തിനായി വേണ്ടിയിരുന്നത്. എന്നാൽ, ടോപ് സ്കോററായ മന്ദാനക്ക് പിന്നാലെ റിച്ച ഘോഷും 50 റൺസെടുത്ത ദീപ്തി ശർമ്മയും കൂടി പുറത്തായതോടെ ഇന്ത്യയ്ക്ക് നാല് റൺസിന്റെ ഞെട്ടിക്കുന്ന തോൽവി വഴങ്ങേണ്ടി വന്നു.
“എന്റെ വിക്കറ്റ് പോയശേഷം ടീം തകർന്നത് നിങ്ങൾ കണ്ടതാണ്. ഞങ്ങളുടെ ഷോട്ട് സെലക്ഷൻ കുറച്ചുകൂടി മികച്ചതാവാമായിരുന്നു. പ്രത്യേകിച്ച് ഞാൻ പുറത്തായശേഷമാണ് ബാറ്റിംഗ് തകർച്ച തുടങ്ങിയത്. അതുകൊണ്ട് തന്നെ ഈ തോൽവിയുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു.”
ഓവറിൽ ആറ് റൺസ് വീതം എടുത്താൽ പോലും ജയിക്കാവുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. കളി അവസാനം വരെ കൊണ്ടുപോകാനാണ് ശ്രമിച്ചതെന്നും, എന്നാൽ തന്റെ വിക്കറ്റ് പോയതോടെ കളി കൈവിട്ടുപോയെന്നും മന്ദാന കൂട്ടിച്ചേർത്തു. സ്വന്തം ബാറ്റിംഗ് പ്രകടനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാനും മന്ദാന വിസമ്മതിച്ചു. ഇന്ത്യ തോറ്റതിനാൽ തന്റെ ഇന്നിംഗ്സിനെക്കുറിച്ച് സംസാരിക്കുന്നതിൽ പ്രസക്തിയില്ലെന്നും അതിനെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും നിരാശയോടെ അവർ വ്യക്തമാക്കി.
