IMG-20251101-WA0018

കായംകുളം നഗരസഭയിലെ ഭവനരഹിതരായ അതിദരിദ്ര കുടുംബങ്ങൾക്ക് ഇനി പുതിയ മേൽവിലാസം. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പുറക്കാട് മണ്ണുംപുറത്ത് നിർമ്മിക്കുന്ന പുനർഗേഹം ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് ഇവർക്കായി അനുവദിച്ച ഫ്ലാറ്റുകളുടെ താക്കോൽ മന്ത്രി സജി ചെറിയാൻ കായംകുളം നഗരസഭ ചെയർപേഴ്സൺ പി ശശികലയ്ക്ക് കൈമാറി. വിഷൻ 2031 സംസ്ഥാനതല മത്സ്യമേഖലാ സെമിനാർ വേദിയിൽ വച്ചാണ് മന്ത്രി താക്കോൽദാനം നിർവഹിച്ചത്.

അതിദാരിദ്ര്യമുക്ത കേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കായംകുളം നഗരസഭ നടത്തിയ കണക്കെടുപ്പിന്റെ ഭാഗമായി സ്വന്തമായി വീടും മറ്റു വരുമാനം മാർഗങ്ങളും ഇല്ലാത്തവരായി കണ്ടെത്തിയ 26 പേരുടെ ദുരിത ജീവിതം സർക്കാരിന്റെയും ഫിഷറീസ് വകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് തീരദേശത്തോട് 50 മീറ്റർ ചുറ്റളവിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി മണ്ണുംപുറത്ത് നിർമ്മിക്കുന്ന പുനർഗേഹം ഫ്ലാറ്റ് സമുച്ചയത്തിലെ ഒഴിവുള്ള ഫ്ലാറ്റുകൾ ഇവർക്കായി അനുവദിച്ചത്. നിലവിൽ മണ്ണുംപുറത്തെ ഫ്ലാറ്റുകളുടെ അവസാനഘട്ട നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണ്. ഒന്നരമാസത്തിനുള്ളിൽ പണികൾ മുഴുവൻ പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് ഫ്ലാറ്റുകൾ കൈമാറുമെന്നും കായംകുളം ഉൾപ്പെടെ ജില്ലയിലെ മറ്റ് തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള അതിദരിദ്രരായ 50 കുടുംബങ്ങൾക്ക് പദ്ധതിയിൽ ഫ്ലാറ്റ് നൽകുന്നുണ്ടെന്നും മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അറിയിച്ചു.

കായംകുളം നഗരസഭയിലെ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട ഇരുപത്തിഒൻപതാം വാർഡ് നിവാസി നസീമ ഗുണഭോക്താക്കളെ പ്രതിനിധീകരിച്ച് ചടങ്ങിൽ എത്തിയിരുന്നു. അസുഖബാധിതനായ ഭർത്താവും പ്രായമായ അമ്മയും മകനും അടങ്ങിയ നസീമയുടെ കുടുംബം 30 വർഷങ്ങളായി വാടകവീടുകളിൽ താമസിച്ചു വരികയാണ്. കൂലിപ്പണിയിൽ നിന്ന് കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് നിത്യവൃത്തി ആവശ്യങ്ങൾ പോലും നടത്താൻ വഴിയില്ലാതിരുന്ന സമയത്ത് സ്വന്തമായൊരു വീട് എന്നത് ഒരു സ്വപ്നം മാത്രമായിരുന്നു എന്നും പഞ്ചായത്തും ഫിഷറീസ് വകുപ്പും സർക്കാരും ഒന്നിച്ച് ഞങ്ങൾക്കൊരു വീട് നൽകുവാനായി നടപടി സ്വീകരിച്ചതിൽ സന്തോഷം ഉണ്ടെന്നും എത്രയും വേഗം പുതിയവീട്ടിൽ താമസിക്കുവാൻ വേണ്ടിയുള്ള ആവേശത്തിലാണ് ഞങ്ങളെല്ലാവരും എന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *