മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കളങ്കാവലിന്റെ പുതിയ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം അടുത്തമാസം അതായത് ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ വേഫറർ ഫിലിംസാണ് വിതരണം ഏറ്റെടുത്തിരിക്കുന്നത്.
‘കളങ്കാവൽ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. “നിലാ കായും” എന്ന വരികളോടെ തുടങ്ങുന്ന ഈ റെട്രോ ഫീൽ നൽകുന്ന ഗാനത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മുജീബ് മജീദ് സംഗീതം നൽകി, സിന്ധു ഡെൽസൺ ആലപിച്ച ഈ ഗാനത്തിന്റെ വരികൾ വിനായക് ശശികുമാറാണ് എഴുതിയത്. ദുൽഖർ സൽമാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയനായ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കളങ്കാവൽ’.
ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ ‘കളങ്കാവലി’നായി മലയാള സിനിമാപ്രേമികൾ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഒരു ക്രൈം ഡ്രാമയായി അണിയിച്ചൊരുക്കിയ ഈ ചിത്രത്തിന്റെ ടീസറിനും പോസ്റ്ററുകൾക്കും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. മമ്മൂട്ടി എന്ന മഹാനടന്റെ ഗംഭീര പ്രകടനങ്ങൾ നിറഞ്ഞ ഒരു ത്രില്ലിംഗ് ഡ്രാമയായിരിക്കും ‘കളങ്കാവൽ’ എന്നാണ് ഓരോ അപ്‌ഡേറ്റുകളും നൽകുന്ന സൂചന. സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് ‘യു/എ 16+’ സർട്ടിഫിക്കറ്റ് ലഭിച്ചു. വലിയ പ്രതീക്ഷയും ആകാംഷയുമാണ് പ്രേക്ഷകർക്കിടയിൽ ഈ ചിത്രത്തെക്കുറിച്ച് നിലനിൽക്കുന്നത്.
