Home » Blog » kerala Max » കാഠ്മണ്ഡുവിൽ വിമാനം ലാൻഡിംഗിനിടെ തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
werq-680x450

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ടർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് തീപിടിച്ചു. തിങ്കളാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന 278 യാത്രക്കാരും 11 ജീവനക്കാരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇസ്താംബൂളിൽ നിന്നുമെത്തിയ ടി.കെ 726 വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിൽ തൊട്ടയുടൻ വിമാനത്തിന്റെ വലതുവശത്തെ ലാൻഡിംഗ് ഗിയറിൽ നിന്ന് പുകയും തീയും ഉയരുകയായിരുന്നു.

അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ വിമാനത്താവളത്തിലെ അഗ്നിശമന സേന കുതിച്ചെത്തി തീ നിയന്ത്രണവിധേയമാക്കി. പരിഭ്രാന്തരായ യാത്രക്കാരെ എമർജൻസി വാതിലുകൾ വഴിയാണ് അതിവേഗം പുറത്തെത്തിച്ചത്. ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥരടക്കം വിമാനത്തിലുണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു. ടയർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം മണിക്കൂറുകളോളം തടസ്സപ്പെടുകയും നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു.

ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച വിമാനത്താവളങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ത്രിഭുവനിൽ ടർക്കിഷ് എയർലൈൻസ് സമാനമായ അപകടത്തിൽപ്പെടുന്നത് ഇതാദ്യമല്ല. 2015-ലും ഇതേ നമ്പറിലുള്ള വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടമുണ്ടാവുകയും നാല് ദിവസത്തോളം വിമാനത്താവളം അടച്ചിടേണ്ടി വരികയും ചെയ്തിരുന്നു. നിലവിലെ സംഭവത്തിൽ സിവിൽ ഏവിയേഷൻ അതോറിറ്റി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അധികൃതരുടെ കൃത്യസമയത്തുള്ള ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.