കഴക്കൂട്ടത്ത് യുവതിയെ ഹോസ്റ്റൽ മുറിയിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതി മോഷണശ്രമത്തിനായാണ് എത്തിയതെന്ന് പോലീസ് അറിയിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി മോഷണശ്രമത്തിനിടെയാണ് ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ, മധുര സ്വദേശിയായ ലോറി ഡ്രൈവറെ കഴിഞ്ഞ ദിവസം കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ ഇന്ന് ഹോസ്റ്റലിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ തീരുമാനം. അതിക്രമത്തിനിരയായ യുവതിയുടെ തിരിച്ചറിയൽ പരേഡിന് ശേഷമായിരിക്കും പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിടുക.
നിലവിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഒക്ടോബർ 17-നാണ് ഐടി ജീവനക്കാരിയായ യുവതിക്ക് നേരെ അതിക്രമമുണ്ടായത്. ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
