കരൾ രോഗ ബാധയെ തുടർന്ന് തമിഴ് നടൻ അഭിനയ് കിങ്ങർ(44) അന്തരിച്ചു.കോടമ്പാക്കത്തെ രംഗരാജപുരത്തുള്ള വാടക വീട്ടിൽ വെച്ച് പുലർച്ചെ 4 മണിക്കായിരുന്നു മരണം. ധനുഷ് നായകനായ തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെ 2002ൽ അഭിനയ രംഗത്തേക്കിറങ്ങിയ ഇദ്ദേഹം മലയാളം, തമിഴ് സിനിമകളിലായി 15ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൈ എത്തും ദൂരത്ത് എന്ന ഫാസിൽ ചിത്രത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. മുതിർന്ന മലയാള നടി ടി.പി രാധാമണിയുടെ മകനാണ് അഭിനയ്.
അമ്മയുടെ മരണശേഷം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന അഭിനയ് തനിച്ചാണ് താമസിച്ചിരുന്നത്. ദേശീയ പുരസ്കാരം നേടിയ ഉത്തരായനം അടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രാധാമണി 2019ൽ കാൻസർ രോഗത്തെ തുടർന്നാണ് മരണമടഞ്ഞത്. നടന് അടുത്ത ബന്ധുക്കളോ കുടുംബാംഗങ്ങളോ ഉണ്ടായിരുന്നില്ല. ജംഗ്ഷൻ (2002), സിങ്കാര ചെന്നൈ (2004), പൊൻ മേഘലൈ (2005), സൊല്ല സൊല്ല ഇനിക്കും (2009), പാലൈവന സൊലൈ (2009), തുപ്പാക്കി (2012), അഞ്ചാൻ (2014) തുടങ്ങിയ ചിത്രങ്ങളിലും അഭിനയ് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്
