Home » Blog » Kerala » കണ്ണൂർ ജില്ലയിലെ മൂന്ന് ആരോഗ്യ സ്ഥാപനങ്ങള്‍ ഉൾപ്പെടെ നാല് സ്ഥാപനങ്ങൾക്ക് കൂടി എന്‍.ക്യു.എ.എസ്.-സംസ്ഥാനത്ത് 312 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍
Veena-George-1-680x450

സംസ്ഥാനത്തെ നാല് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്. (നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

കണ്ണൂര്‍ ചരല്‍ ജനകീയ ആരോഗ്യകേന്ദ്രം (92.83 ശതമാനം), കണ്ണൂര്‍ അമ്പായത്തോട് ജനകീയ ആരോഗ്യകേന്ദ്രം (90.59 ശതമാനം), മലപ്പുറം കെ പുരം ജനകീയ ആരോഗ്യകേന്ദ്രം (90.48 ശതമാനം) എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. ഇതിന് പുറമെ കണ്ണൂര്‍ മാട്ടൂല്‍ കുടുംബാരോഗ്യകേന്ദ്രം 96 ശതമാനത്തോടെ എന്‍.ക്യു.എ.എസ് പുന:അംഗീകാരം നേടി.

ഇതോടെ സംസ്ഥാനത്തെ ആകെ 312 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ 9 ജില്ലാ ആശുപത്രികള്‍, 8 താലൂക്ക് ആശുപത്രികള്‍, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 51 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 177 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 53 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്.

 

എന്‍.ക്യു.എ.എസ്.അംഗീകാരത്തിന് 3 വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇൻസെന്റീവ് ലഭിക്കും