കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ അയോന മോൺസൺ (17) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് അയോന താഴേക്ക് ചാടിയത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണശേഷവും മറ്റുള്ളവരിലൂടെ ജീവിക്കാനായി അയോനയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചു. പയ്യാവൂർ സ്വദേശിയായ മോൺസന്റെ മകളാണ് അയോന.
