കടക്കെണിയിൽപ്പെട്ട് പാപ്പരത്ത നടപടി നേരിടുന്ന ബൈജൂസിനെ ഏറ്റെടുക്കാനൊരുങ്ങി മണിപ്പാൽ എജ്യുക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പ്. മലയാളി സംരംഭകനായ ബൈജു രവീന്ദ്രന്റെ എഡ്‌ടെക് കമ്പനിയാണ് ബൈജൂസ്. ബൈജൂസിനെ പൂർണമായി ഏറ്റെടുക്കാനാണ് മണിപ്പാൽ ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നാണ് വിവരം. ഇതിനായുള്ള താല്പര്യപത്രം അറിയിച്ചിട്ടുണ്ട്.
പാപ്പരത്ത നടപടി നേരിടുന്ന ബൈജൂസിനെ ഏറ്റെടുക്കാൻ നവംബർ 13 വരെ ബിഡ് നല്കാം. ബൈജൂസിന്റെ ഉപകമ്പനിയായ ആകാശ് എജ്യൂക്കേഷണൽ സർവീസസിന്റെ പ്രധാന ഓഹരിയുടമകളാണ് മണിപ്പാൽ ഗ്രൂപ്പ്. നിലവിൽ കമ്പനിക്ക് 58 ശതമാനം പങ്കാളിത്തം ഈ കമ്പനിയിലുണ്ട്.
ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിനെ ഏറ്റെടുക്കാൻ മറ്റ് ചില കമ്പനികളും താല്പര്യമറിയിച്ചിട്ടുണ്ട്. ഇവർക്ക് പക്ഷേ ബൈജൂസിന്റെ ഉപകമ്പനികളിൽ മാത്രമാണ് താല്പര്യം. ആകാശിനാണ് കൂടുതൽ ഡിമാൻഡ്. വൈറ്റ്ഹാറ്റ്ജൂണിയർ, ടോപ്പർ തുടങ്ങിയ ഉപകമ്പനികൾക്കും താല്പര്യക്കാരുണ്ട്.
