DEADBODY.jpg

ഓഹരി വിപണിയിൽ കനത്ത സാമ്പത്തിക നഷ്ടം നേരിട്ടതിനെ തുടർന്ന് ഒരു കെമിക്കൽ എഞ്ചിനീയർ ജീവനൊടുക്കി. ലവ് കുമാർ എന്നയാളാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യക്ക് കാരണമായതെന്ന് പോലീസ് അറിയിച്ചു. മരണപ്പെട്ടയാളുടെ കൈവശം സാമ്പത്തിക ബുദ്ധിമുട്ടുകളും സ്വത്ത് തർക്കവും മൂലമാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

ഹരിദ്വാറിലെ അരിഹന്ത് വിഹാർ പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് കാങ്കൽ പോലീസ് സ്റ്റേഷനിലെ സീനിയർ സബ് ഇൻസ്‌പെക്ടർ സത്യേന്ദ്ര ഭണ്ഡാരി അറിയിച്ചു. തൻ്റെ മുറിയിലെ ഹീറ്ററിൽ കൽക്കരി കത്തിച്ച് പുക സൃഷ്ടിച്ച ശേഷം അകത്ത് കയറി മുറി പൂട്ടുകയായിരുന്നു അദ്ദേഹം. തുടർന്ന്, മുറിക്കുള്ളിൽ ശ്വാസംമുട്ടിയാണ് ലവ് കുമാർ മരണപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി.

ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് കാർബൺ മോണോക്സൈഡ് ശ്വസിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ലവ് കുമാർ ഭാര്യയ്ക്ക് വാട്‌സാപ്പിൽ സന്ദേശം അയച്ചിരുന്നു. ഓഹരി വിപണിയിലെ കനത്ത നഷ്ടത്തിൽ അദ്ദേഹം വളരെയധികം ദുഃഖിതനായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സാമ്പത്തിക പ്രശ്നങ്ങൾക്ക് പുറമെ സ്ഥിരം മദ്യപാനിയുമായിരുന്നു ലവ് കുമാർ. ഇതേത്തുടർന്ന് അദ്ദേഹത്തിൻ്റെ ഭാര്യയും കുട്ടികളും താമസം മാറിയതായും പോലീസ് അറിയിച്ചു.

ഭർത്താവിൻ്റെ ആത്മഹത്യാ ഭീഷണി സന്ദേശം കണ്ടതിനെത്തുടർന്ന് ലവ് കുമാറിൻ്റെ ഭാര്യ പലതവണ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേത്തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തി. വിവരമറിഞ്ഞെത്തിയ പോലീസ് വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ മുറി നിറയെ പുകയായിരുന്നു. ലവ് കുമാറിനെ മുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയും ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, അദ്ദേഹത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *