ശാസ്തമംഗലത്തെ എം.എൽ.എ ഓഫീസിനെ ചൊല്ലിയുള്ള തർക്കം മുറുകുന്നു. വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്തിന്റെ ഓഫീസിന് മുകളിൽ ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖ സ്വന്തം നെയിം ബോർഡ് സ്ഥാപിച്ചതോടെയാണ് പോര് പുതിയ തലത്തിലെത്തിയത്.
എം.എൽ.എയുടെ നെയിം ബോർഡിന് തൊട്ടുമുകളിലായി കൗൺസിലറുടെ ബോർഡ് സ്ഥാപിച്ചതിന്റെ ചിത്രങ്ങൾ ശ്രീലേഖ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ‘എം.എൽ.എയുടെ മുകളിൽ വാർഡ് കൗൺസിലർ’ എന്ന പരിഹാസത്തോടെയായിരുന്നു പോസ്റ്റ്. ശ്രീലേഖ ഓഫീസിൽ അതിക്രമിച്ചു കയറി എന്നാരോപിച്ച് ഒരു അഭിഭാഷകൻ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. ഇതിനെ ‘ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട’ എന്ന് ശ്രീലേഖ പരിഹസിച്ചു. പരാതി മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറിയ വാർത്തകളോടും അവർ ഇതേ രീതിയിൽ തന്നെയാണ് പ്രതികരിച്ചത്. കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എം.എ.എ ഓഫീസ് തനിക്ക് കൗൺസിലർ ഓഫീസായി ഉപയോഗിക്കാൻ വിട്ടുതരണമെന്ന് ശ്രീലേഖ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വാടക കരാർ നിലവിലുണ്ടെന്നും കാലാവധി കഴിയാതെ ഒഴിഞ്ഞുതരില്ലെന്നും വി.കെ. പ്രശാന്ത് വ്യക്തമാക്കിയിരുന്നു.
