asiacup-680x450.jpg

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒളിമ്പിക്സിലെ ഇന്ത്യ– പാകിസ്ഥാൻ ക്രിക്കറ്റ് പോരാട്ടം നടക്കാൻ സാധ്യതയില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഒളിമ്പിക്‌സ് ടീമുകളെ തിരഞ്ഞെടുക്കുന്നതിൽ കൊണ്ടുവന്ന പുതിയ മാനദണ്ഡങ്ങളാണ് ഇതിന് കാരണം. ഒരു വൻകരയിൽ നിന്ന് ഒരു മികച്ച ടീമിന് മാത്രം ഒളിമ്പിക്‌സിൽ മത്സരിക്കാൻ അവസരം നൽകുന്ന രീതിയാണ് ഐസിസി ഇപ്പോൾ പിന്തുടരുന്നത്. ഇതോടെ, 2028-ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് മത്സരയിനമാകുമ്പോൾ പാകിസ്ഥാന് യോഗ്യത നേടാൻ സാധ്യതയില്ല.

യോഗ്യതാ മാനദണ്ഡം മാറ്റിയത് എന്തിന്?

റാങ്കിങ്ങിലെ ആദ്യ ആറ് ടീമുകൾക്ക് യോഗ്യത നൽകാനായിരുന്നു ഐസിസി ആദ്യം ആലോചിച്ചത്. എന്നാൽ ദുബായിൽ നടന്ന ഐസിസി യോഗത്തിൽ ഈ രീതി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പുതിയ ധാരണയനുസരിച്ച്, അഞ്ച് വൻകരകളിൽനിന്നുള്ള മികച്ചവരെയും ആറാമത്തെ ടീമിനെ ഗ്ലോബൽ ക്വാളിഫയർ നടത്തിയും തിരഞ്ഞെടുക്കും.

ഐസിസിയുടെ ഈ നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചാൽ നിലവിലെ റാങ്കിങ് അനുസരിച്ച്, ഏഷ്യയിൽ നിന്ന് ഇന്ത്യ, ഓഷ്യാനിയയിൽ നിന്ന് ഓസ്‌ട്രേലിയ, യൂറോപ്പിൽനിന്ന് ഇംഗ്ലണ്ട്, ആഫ്രിക്കയിൽ നിന്ന് ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾക്ക് യോഗ്യത നേടാൻ സാധ്യതയുണ്ട്. ആതിഥേയരായ അമേരിക്ക വേണോ, റാങ്കിങ്ങിൽ മുന്നിലുള്ള വെസ്റ്റിൻഡീസ് വേണോ എന്ന കാര്യത്തിൽ അമേരിക്കയിൽ നിന്ന് തീരുമാനമെടുക്കേണ്ടി വരും. പാകിസ്ഥാന് ഇനി ഒളിമ്പിക്‌സിന് യോഗ്യത നേടണമെങ്കിൽ ഗ്ലോബൽ ക്വാളിഫയറിൽ ഏഷ്യയിലെ തന്നെ മറ്റു കരുത്തരായ ടീമുകളെ തോൽപ്പിച്ച് മുന്നോട്ട് വരണം.

ഇന്ത്യ–പാക് മത്സരത്തിന്റെ ഡിമാൻഡ്

ക്രിക്കറ്റ് ടൂർണമെന്റുകളിൽ വൻ ഡിമാൻഡാണ് ഇന്ത്യ– പാകിസ്ഥാൻ മത്സരങ്ങൾക്കുള്ളത്. മത്സരത്തിനു മാസങ്ങൾക്കു മുൻപേ തന്നെ ടിക്കറ്റുകൾ വിറ്റുതീരുന്ന സാഹചര്യം ഒളിമ്പിക്‌സിൽ നഷ്ടമാകുന്നത് കായികലോകത്തിന് വലിയ നിരാശ നൽകും. ട്വന്റി20 ഫോർമാറ്റിൽ നടക്കുന്ന ഒളിമ്പിക്‌സ് ക്രിക്കറ്റിൽ പുരുഷ, വനിതാ വിഭാഗങ്ങളിലായി 12 ടീമുകളായാണ് മത്സരിക്കുക. ആകെ 28 മത്സരങ്ങളാകും ഒളിമ്പിക്സ് ക്രിക്കറ്റിൽ ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *