കെഎസ്ആർടിസി പ്രതിദിന വരുമാനത്തിൽ സർവ്വകാല റെക്കോർഡ് സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചു. 2025 ഡിസംബർ 15-ന് ടിക്കറ്റ് ഇനത്തിൽ മാത്രം 10.77 കോടി രൂപയുടെ വരുമാനമാണ് നേടിയത്. ടിക്കറ്റിതര വരുമാനമായ 0.76 കോടി രൂപ കൂടി ചേർത്തപ്പോൾ ആകെ വരുമാനം 11.53 കോടി രൂപയായി ഉയർന്നതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. ടിക്കറ്റ് നിരക്കിൽ വർദ്ധനവില്ലാതെയും കഴിഞ്ഞ വർഷത്തെ സമാന സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തിയാണ് കെഎസ്ആർടിസി ഈ വലിയ നേട്ടം കൈവരിച്ചത്.
മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ കാലോചിതമായ പരിഷ്കാരങ്ങളും കെഎസ്ആർടിസി മാനേജ്മെൻ്റിൻ്റെ നേതൃത്വത്തിൽ നടന്ന തുടർ പ്രവർത്തനങ്ങളുമാണ് ഈ മുന്നേറ്റത്തിന് നിർണായകമായത്. പുതിയ ബസുകളുടെ വരവും, സേവനങ്ങളിലെ ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വലിയ സ്വീകാര്യത നേടി. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ നിലവിൽ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും പ്രവർത്തന ലാഭത്തിലായിക്കഴിഞ്ഞു. വരുമാനം വർധിപ്പിക്കുന്നതിനായി നിശ്ചയിച്ച ടാർജറ്റ് നേടുന്നതിന് ഡിപ്പോകൾ തമ്മിൽ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവർത്തനങ്ങളും, പരമാവധി ബസുകൾ നിരത്തിലിറക്കിയതും നേട്ടം വർദ്ധിപ്പിച്ചു. ഈ തുടർച്ചയായ വിജയത്തിന് സിഎംഡി ഡോ. പ്രമോജ് ശങ്കറിനും മാനേജ്മെൻ്റിനും എല്ലാ വിഭാഗം ജീവനക്കാർക്കും യാത്രക്കാർക്കും മന്ത്രി അഭിനന്ദനം അറിയിച്ചു.
