കൊച്ചി: പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോൺ ഐഡിയയുടെ കണ്ടന്റ് പ്ലാറ്റ്‌ഫോമായ വി മൂവീസ് ആൻഡ് ടിവി ഉപഭോക്താക്കൾക്കായി പുതിയ എന്റർടെയ്ൻമെന്റ് പ്ലാൻ അവതരിപ്പിച്ചു. 200 രൂപയുടെ ഈ പ്ലാനിലൂടെ 20 മുൻനിര ഒടിടി പ്ലാറ്റ്‌ഫോമുകൾ, 200-ലധികം ലൈവ് ടിവി ചാനലുകൾ, 30 ജിബി ഡാറ്റ എന്നിവയ്ക്ക് പുറമെ അൺലിമിറ്റഡ് 5ജി ഡാറ്റയും ഉപഭോക്താക്കൾക്ക് ലഭിക്കും.
200 രൂപയ്ക്ക് റീചാർജ് ചെയ്യാവുന്ന ഈ പ്ലാനിന് 28 ദിവസമാണ് കാലാവധി. സാധാരണ കേബിൾ ടിവി അല്ലെങ്കിൽ ഡിടിഎച്ച് സേവനങ്ങൾക്ക് പ്രതിമാസം വരുന്ന ചെലവിനേക്കാൾ കുറഞ്ഞ നിരക്കിലാണ് ഈ പ്ലാൻ ലഭ്യമാക്കുന്നത്.
ജിയോഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, മനോരമ മാക്സ്, ഷെമാരൂമീ, ഫാൻകോഡ് തുടങ്ങി 20-ഓളം പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം ഇതിലൂടെ ആസ്വദിക്കാം. ഓരോ പ്ലാറ്റ്‌ഫോമിനും വെവ്വേറെ വരിസംഖ്യ നൽകേണ്ടതില്ല.
16 വ്യത്യസ്ത ഭാഷകളിലായി ദേശീയ, അന്തർദേശീയ, പ്രാദേശിക വിനോദ പരിപാടികൾ ഒറ്റ റീചാർജിലൂടെ ഈ പ്ലാനിൽ ലഭ്യമാണ്. തടസ്സങ്ങളില്ലാതെ വീഡിയോകൾ കാണുന്നതിനായി 30 ജിബി ഹൈ-സ്പീഡ് ഡാറ്റയും അതിനൊപ്പം അൺലിമിറ്റഡ് 5ജി ഡാറ്റാ സേവനവും പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ പ്ലാൻ ഉപയോഗിച്ച് ഒരേസമയം നാല് ഡിവൈസുകളിൽ ലോഗിൻ ചെയ്യാം. സോണിലിവ് ഒഴികെ മറ്റ് പ്രധാന ഒടിടി പ്ലാറ്റ്‌ഫോമുകളിലെല്ലാം ഒരേസമയം രണ്ട് സ്ക്രീനുകളിൽ പരിപാടികൾ കാണാനും ഇതിലൂടെ സാധിക്കും.
വി ആപ്പിലൂടെയും മറ്റ് റീചാർജ് മാർഗ്ഗങ്ങളിലൂടെയും ഉപഭോക്താക്കൾക്ക് പുതിയ 200 രൂപയുടെ വി മൂവീസ് ആൻഡ് ടിവി പ്ലാൻ റീചാർജ് ചെയ്യാവുന്നതാണ്.
