Home » Blog » Top News » ഒരു ലക്ഷത്തോളം അയ്യപ്പന്മാർക്ക് ചികിത്സ ലഭ്യമാക്കി സർക്കാർ ആയുർവേദ ചികിത്സ കേന്ദ്രങ്ങൾ
SabarimalaRush2010

41 ദിവസത്തോളം നീണ്ടു നിന്ന മണ്ഡലമഹോത്സവത്തിന് അയ്യപ്പന്മാർ എത്തുന്ന പ്രധാന കേന്ദ്രങ്ങളിൽ ചികിത്സ ഉറപ്പാക്കി സർക്കാർ ആയുർവേദ കേന്ദ്രങ്ങൾ. ഇതുവരെ സന്നിധാനം, പമ്പ, എരുമേലി, പത്തനംതിട്ട ഇടത്താവളം, കടപ്പാറ്റൂർ, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ സർക്കാർ ആയുർവേദ കേന്ദ്രങ്ങളിലൂടെ ഒരു ലക്ഷത്തോളം പേർ ചികിത്സ തേടിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജെ മിനി വ്യക്തമാക്കി. മണ്ഡലകാലത്ത് അയ്യപ്പന്മാർ എത്തുന്ന സ്ഥലങ്ങളിലെ സർക്കാർ ആയുർവേദ കേന്ദ്രങ്ങൾക്ക് 1.10 കോടി രൂപയുടെ മരുന്നുകൾ വിതരണം ചെയ്തു. ഒൻപത് ഘട്ടങ്ങളിലായി ഇവിടങ്ങളിൽ ഡോക്ടർമാരുൾപ്പടെയുള്ള ജീവനക്കാരേയും നിയമിച്ചു.

 

മണ്ഡലകാലത്ത് ശബരിമലയിലെ പ്രധാന കേന്ദ്രമായ സന്നിധാനത്തെ സർക്കാർ ആയുർവേദ ആശുപത്രിയിൽ നാല്പത്തയ്യായിരത്തോളം ഭക്തജനങ്ങളും പമ്പയിലെ സർക്കാർ ആയുർവേദ കേന്ദ്രത്തിൽ 15,000 പേരുമാണ് ചികിത്സ തേടിയത്. മല കേറി വരുന്ന അയ്യപ്പന്മാർ പേശിവലിവ്, പനി, ചുമ, കഫകെട്ട് തുടങ്ങിയ പ്രശ്നങ്ങളുമായാണ് സന്നിധാനത്തെ ആയുർവേദ ആശുപത്രിയിൽ എത്തുന്നത്. പേശീവലിവിന് അഭംഗ്യം ഉൾപ്പെടുന്ന പ്രത്യേക മർമ ചികിത്സയും, മസ്സാജിങ് സൗകര്യങ്ങളും, സ്റ്റീമിംഗ്, നസ്യം, സ്പോർട്സ് മെഡിസിൻ ചികിത്സ രീതികളും സന്നിധാനം ആശുപത്രിയിൽ ലഭ്യമാണെന്ന് മെഡിക്കൽ ഓഫീസർ ഡോ എസ് എൻ സൂരജ് പറഞ്ഞു. സന്നിധാനത്തെ ആശുപത്രിയിൽ ജീവനക്കാരുടെ എണ്ണം: മെഡിക്കൽ ഓഫീസർ: 7, ഫാർമസിസ്റ്റ്-3, തെറാപ്പിസ്റ്റ്-3 അറ്റെൻഡർ-3. മകരവിളക്ക് മഹോത്സവ ദിനങ്ങളിലേക്കായി മരുന്നുകൾ സംഭരിച്ചു; ഔഷധിയും, ഐ എസ് എം ഡിപ്പാർട്മെന്റും ചേർന്ന് നൽകുന്ന മരുന്നുകൾ ഗ്രീൻ പ്രോട്ടോകാൾ പാലിച്ചാണ് വിതരണം ചെയ്യുന്നത്