ലാഹോറിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയ പാകിസ്ഥാൻ ടീമിനെയും ആ വിജയത്തെ പുകഴ്ത്തിയ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും പരിഹസിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രംഗത്ത്. നീണ്ട 2650 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് ഓസീസിനെതിരെ പാകിസ്ഥാൻ ഒരു ടി20 വിജയം സ്വന്തമാക്കുന്നത്. ഈ ചരിത്ര വിജയത്തെ “ആവേശകരം” എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രിയുടെയും പിസിബി തലവൻ മൊഹ്സിൻ നഖ്വിയുടെയും നിലപാടിനെയാണ് ചോപ്ര ചോദ്യം ചെയ്തത്.
ഓസ്ട്രേലിയ അവരുടെ പ്രമുഖ താരങ്ങളില്ലാത്ത ഒരു രണ്ടാം നിര ടീമിനെയാണ് (B-Team) പാകിസ്ഥാനിലേക്ക് അയച്ചതെന്നും, അങ്ങനെയൊരു ടീമിനെ തോൽപ്പിച്ചതിനാണ് ഇത്ര വലിയ ബിൽഡ് അപ്പ് നൽകുന്നതെന്നും ആകാശ് ചോപ്ര പരിഹസിച്ചു. “എല്ലാ ബഹുമാനത്തോടും കൂടി പറയുന്നു, ഇത് ഓസ്ട്രേലിയയുടെ ബി ടീമിനെതിരായ ഒരു മത്സരം മാത്രമാണ്. അവരുടെ പ്രധാന താരങ്ങളാരും തന്നെ ടീമിൽ ഉണ്ടായിരുന്നില്ല” എന്നായിരുന്നു ഷഹബാസ് ഷെരീഫിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ചോപ്ര പ്രതികരിച്ചത്
ലാഹോറിൽ നടന്ന മത്സരത്തിൽ 22 റൺസിനായിരുന്നു പാകിസ്ഥാന്റെ വിജയം. വിജയത്തിൽ ഭരണാധികാരികൾ അഭിനന്ദനം അറിയിക്കുന്നത് സ്വാഭാവികമാണെങ്കിലും, ഒരു ദുർബല ടീമിനെതിരെ നേടിയ വിജയത്തെ ലോകകപ്പ് നേട്ടം പോലെ ആഘോഷിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിലും വിമർശനങ്ങൾ ഉയരുന്നുണ്ട്. അതേസമയം, രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരെ സെഞ്ച്വറി നേടി കേരളത്തിന് രോഹൻ കുന്നുമ്മൽ മികച്ച തുടക്കം നൽകിയ വാർത്തയും കായിക ലോകത്ത് ശ്രദ്ധേയമാവുകയാണ്.
