Home » Blog » kerala Max » ഒരു കോടി രൂപയുടെ പന്തയം വെച്ചു, പക്ഷെ വോട്ടർമാർ തള്ളി; പി.സി. ജോർജിന് പഴയ തട്ടകത്തിൽ കാലിടറി
pc-680x450

കേരള നിയമസഭയിൽ അപ്പനും മകനും ഒന്നിച്ച് ചുവടുവെക്കുമെന്ന പി.സി. ജോർജിന്റെ മോഹങ്ങൾക്ക് വോട്ടർമാരുടെ കനത്ത പ്രഹരം. പൂഞ്ഞാറിൽ പി.സി. ജോർജും പാലായിൽ മകൻ ഷോൺ ജോർജും പരാജയപ്പെട്ടതോടെ ഇരുവരും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി സ്ഥാനാർത്ഥികളായി ജനവിധി തേടിയ ഇരുവർക്കും ക്രിസ്ത്യൻ വോട്ടുകൾ ഏകീകരിക്കുമെന്ന പ്രതീക്ഷയും തുണച്ചില്ല.

“പൂഞ്ഞാറിൽ താൻ ജയിക്കുമെന്നും ആർക്കെങ്കിലും തർക്കമുണ്ടെങ്കിൽ ഒരു കോടി രൂപ പന്തയം വെക്കാം” എന്നുമായിരുന്നു പി.സിയുടെ വെല്ലുവിളി. എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ബഹുദൂരം മുന്നിലാണ്. പി.സി. ജോർജിന് തന്റെ പഴയ തട്ടകത്തിൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

മാണി സി. കാപ്പനും ജോസ് കെ. മാണിയും തമ്മിലുള്ള പോരാട്ടത്തിൽ അട്ടിമറി വിജയം പ്രതീക്ഷിച്ച ഷോൺ ജോർജിനും പാലാ തിരിച്ചടി നൽകി. പാലായിൽ വോട്ടുകൾ അനുകൂലമാകുമെന്നും ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് കിട്ടുമെന്നുമുള്ള ഷോണിന്റെ ആത്മവിശ്വാസം വോട്ടെണ്ണിയപ്പോൾ ഫലം കണ്ടില്ല. മാണി സി. കാപ്പൻ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ഷോണും മൂന്നാം സ്ഥാനത്താണ്.

പതിനൊന്ന് സീറ്റുകളിൽ എൻഡിഎ ജയിക്കുമെന്നും കേരളത്തിൽ ആർക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നുമുള്ള പി.സി. ജോർജിന്റെ പ്രവചനങ്ങളും അസ്ഥാനത്തായി. യുഡിഎഫ് കേവല ഭൂരിപക്ഷവും കടന്ന് കുതിക്കുമ്പോൾ ബിജെപിക്ക് മിക്കയിടങ്ങളിലും മൂന്നാം സ്ഥാനം മാത്രമാണ് ലഭിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ബിജെപി മിന്നും പ്രകടനം നടത്തുമെന്ന അവകാശവാദവും ജോർജിനെ രക്ഷിച്ചില്ല.