1ramacham.jpg

കൃഷിയിൽ മികച്ച വിജയം നേടാൻ എപ്പോഴും വ്യത്യസ്തമായ സമീപനം അനിവാര്യമാണ്. ആർക്കും പരീക്ഷിക്കാവുന്നതും എളുപ്പത്തിൽ ലാഭം നേടാൻ സാധിക്കുന്നതുമായ ഒരു വിളയാണ് രാമച്ചം. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് ഉയർന്ന ലാഭം പ്രതീക്ഷിക്കാമെന്നാണ് കർഷകരുടെ അഭിപ്രായം. നിലവിൽ ഒരു കിലോ രാമച്ചം വേരിന് 400 രൂപയിലധികം വിലയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാമച്ചം കൃഷി ചെയ്യുന്നുണ്ടെങ്കിലും, കേരളത്തിലെ വിളകൾക്കാണ് വിപണിയിൽ ആവശ്യക്കാരും വിലയും കൂടുതൽ.

എവിടെയും കൃഷി ചെയ്യാം എന്നതാണ് രാമച്ചത്തിന്റെ പ്രധാന ആകർഷണം.മണൽ കലർന്ന മണ്ണാണ് ഏറ്റവും അനുയോജ്യം. മണ്ണൊലിപ്പ് തടയുന്നതിനായി പുരയിടത്തിന്റെ അതിരുകളിൽ പോലും ഇത് നട്ടുപിടിപ്പിക്കാൻ സാധിക്കും. നല്ല സൂര്യപ്രകാശം ചെടിക്ക് അത്യാവശ്യമാണ്. ഇത് രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരും. ഇത്തരത്തിലുള്ള ഒരു ചെടിയിൽ നിന്ന് ലഭിക്കുന്ന വേരുകൾക്ക് മുപ്പത് സെന്റീമീറ്ററിൽ കുറയാത്ത നീളമുണ്ടാകും. ഒരു ഹെക്ടർ സ്ഥലത്തുനിന്ന് ഏകദേശം അഞ്ച് ടൺ വരെ വേര് വിളവെടുക്കാൻ സാധിക്കും.

ആദ്യം മേൽമണ്ണ് ഉഴുതുമറിച്ച് കല്ലും കട്ടയും നീക്കം ചെയ്യണം. അതിനുശേഷം കാലിവളമോ കമ്പോസ്റ്റോ അടിവളമായി ചേർക്കുക. ഈ മണ്ണിലാണ് രാമച്ചത്തിന്റെ ചിനപ്പുകൾ നടേണ്ടത്. കാലവർഷത്തിന്റെ തുടക്കത്തിൽ കൃഷി ആരംഭിക്കുന്നത് മികച്ച വിളവിന് കാരണമാകും. നിശ്ചിത അകലം പാലിച്ചാണ് ചിനപ്പുകൾ നടേണ്ടത്. ക്രമമായ ഇടവേളകളിൽ ആവശ്യത്തിന് വളം നൽകുന്നത് നല്ല വിളവിന് സഹായിക്കും. സ്ഥലപരിമിതി ഉള്ളവർക്ക് ഗ്രോബാഗുകളിലും രാമച്ചം കൃഷി ചെയ്യാം.

ആദ്യം മണ്ണിനു മുകളിലുള്ള ഇലകളും തണ്ടും മുറിച്ചു മാറ്റുക. തുടർന്ന് ചുവട് കിളച്ച് വേരുകൾ പുറത്തെടുത്ത് മണ്ണ് നീക്കി വൃത്തിയാക്കുക. ഇവ നന്നായി ഉണക്കി കെട്ടുകളാക്കി സൂക്ഷിക്കാവുന്നതാണ്. രാമച്ചം വിളവെടുത്തു കഴിഞ്ഞാൽ ആവശ്യക്കാർ കർഷകരെ തേടിയെത്തും. ആയുർവേദ ഉൽപ്പന്നങ്ങൾ, തലയണ, കിടക്ക തുടങ്ങിയവയുടെ നിർമ്മാണത്തിനാണ് പ്രധാനമായും രാമച്ചം ഉപയോഗിക്കുന്നത്. മണ്ണ് പുരണ്ട വേരിന് ഒരു കിലോയ്ക്ക് ഏകദേശം 220 രൂപയാണ് വില. എന്നാൽ, കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കുന്ന വേരുകൾക്ക് കിലോയ്ക്ക് 400 രൂപയ്ക്ക് മുകളിൽ വില ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *