കർണാടകയിലെ ചിത്രദുർഗയിൽ ഒമ്പത് വയസ്സുകാരനെ പ്രധാന അധ്യാപകൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നടപടി. വീരേഷ് ഹിരാമത്ത് എന്ന അധ്യാപകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന നായ്ക്കനഹട്ടി സംസ്കൃത വേദവിദ്യാലയത്തിന്റെ അംഗീകാരം റദ്ദാക്കാൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്.
മുത്തശ്ശിയെ ഫോണിൽ വിളിച്ചതിൻ്റെ പേരിലാണ് പ്രധാന അധ്യാപകൻ കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. കുട്ടിയെ നിലത്തിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. “എന്തിന് വിളിച്ചു? ആരോട് ചോദിച്ചു വിളിച്ചു?” എന്നീ ചോദ്യങ്ങൾ ഉന്നയിച്ചായിരുന്നു മർദ്ദനം. ചവിട്ടേറ്റ് കുട്ടി ദയനീയമായി നിലവിളിക്കുമ്പോഴും അധ്യാപകൻ അട്ടഹാസം മുഴക്കി മർദ്ദനം തുടർന്നു.
മർദനത്തിന് പിന്നാലെ ഭയന്ന കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും സമയത്ത് മറ്റ് ചിലർ കണ്ടതിനാൽ രക്ഷപ്പെടുത്താനായി. എന്നാൽ, മർദ്ദനമേറ്റ കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകാൻ തയ്യാറായില്ലെന്ന് സ്കൂൾ മാനേജ്‌മെൻ്റ് കമ്മിറ്റി അറിയിച്ചു. വീഡിയോ പുറത്തുവന്നതോടെ സ്കൂൾ ട്രസ്റ്റി ഗംഗാധരപ്പ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വീഡിയോ പ്രചരിച്ചതോടെ പ്രതി വീരേഷ് ഹിരാമത്ത് ഒളിവിൽ പോയിരുന്നു, എന്നാൽ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ചിത്രദുർഗ ജില്ലയിലെ ഗുരു തിപ്പെ രുദ്രസ്വാമി ക്ഷേത്രത്തിന് കീഴിൽ റസിഡൻഷ്യൽ സ്കൂളായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം ഇനി പ്രവർത്തിക്കേണ്ട എന്ന നിലപാടിലാണ് നാട്ടുകാർ. സ്കൂൾ ഓഫീസിലേക്ക് സംഘടിച്ചെത്തിയ നാട്ടുകാർ ട്രസ്റ്റിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. പ്രധാന അധ്യാപകന്റെ ക്രൂരത ഭയന്ന് നിരവധി കുട്ടികൾ സ്കൂൾ വിട്ടുപോയിരുന്നു. ഇപ്പോൾ പത്തിൽ താഴെ കുട്ടികൾ മാത്രമാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്.
