തന്റെ പുതിയ ചിത്രമായ ‘ഐ ആം ഗെയിം’ എന്ന സിനിമയിലെ കഥാപാത്രം വളരെ കൂൾ ആയ ഒരാളാണെന്ന് നടൻ ദുൽഖർ സൽമാൻ വ്യക്തമാക്കി. പഴയ റെട്രോ സ്റ്റൈലിലുള്ള കഥാപാത്രമല്ല ഇത്. പകരം, വളരെ മോഡേൺ ആയ ഒരാളാണ് ചിത്രത്തിലെ കഥാപാത്രമെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ദുൽഖർ തന്റെ പുതിയ സിനിമയുടെ സ്വഭാവത്തെക്കുറിച്ച് സൂചന നൽകിയത്.
“എന്റെ അടുത്ത സിനിമയായ ഐ ആം ഗെയിമിൽ ഞാൻ വളരെ മോഡേൺ ആണ്, ഒരു കൂൾ കഥാപാത്രമാണ്. നിങ്ങൾ എല്ലാവരും ആ സിനിമ നന്നായി ആസ്വദിക്കും. അതിന്റെ ഭാഗമാണ് ഈ ലുക്ക്,” ദുൽഖർ പറഞ്ഞു. കാന്ത സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് അദ്ദേഹം പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചത്.
വലിയൊരു ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനായി എത്തുന്ന മലയാള ചിത്രമായതിനാൽ ‘ഐ ആം ഗെയിമി’ന് വലിയ പ്രതീക്ഷയാണുള്ളത്. ആർഡിഎക്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നഹാസ് ഹിദായത്ത് ആണ് ഈ മോഡേൺ സിനിമ സംവിധാനം ചെയ്യുന്നത്. സജീർ ബാബ, ബിലാൽ മൊയ്തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുമ്പോൾ, ജേക്സ് ബിജോയ് സംഗീതം നൽകുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങളായിരിക്കും എന്നാണ് സൂചന.
