ഐപിഎൽ 2026 സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. പരിക്കിന്റെ പിടിയിലായതിനാൽ വരാനിരിക്കുന്ന സീസണിൽ പങ്കെടുക്കുന്ന കാര്യം ഇപ്പോൾ ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും, ശാരീരികക്ഷമത വീണ്ടെടുക്കുന്നതിനനുസരിച്ചേ തീരുമാനമെടുക്കൂ എന്നും താരം വ്യക്തമാക്കി.
കഴിഞ്ഞ ഏഴ് മാസമായി അലട്ടുന്ന പുറംവേദനയെത്തുടർന്ന് വിശ്രമത്തിലാണ് കമ്മിൻസ്. പരിക്കിനെത്തുടർന്ന് ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. “പരിക്ക് ഭേദമായി വരുന്നുണ്ട്. കുറച്ച് ആഴ്ചകൾക്ക് ശേഷം വീണ്ടും സ്കാനിംഗ് നടത്തും. അതിനുശേഷം മാത്രമേ പരിശീലനം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കൂ. ടെസ്റ്റ് മത്സരങ്ങളെ അപേക്ഷിച്ച് ടി20 ഫോർമാറ്റിലേക്ക് മടങ്ങിവരുന്നത് എളുപ്പമാണെങ്കിലും പൂർണ്ണ കായികക്ഷമത ഉറപ്പാക്കേണ്ടതുണ്ട്,” കമ്മിൻസ് പറഞ്ഞു.
കഴിഞ്ഞ കുറച്ചു കാലമായി പരിക്കിനെത്തുടർന്ന് പ്രധാന മത്സരങ്ങൾ കമ്മിൻസിന് നഷ്ടമായിരുന്നു. ആഷസ് പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിൽ ഒന്നിൽ മാത്രമാണ് അദ്ദേഹത്തിന് കളിക്കാനായത്. വരാനിരിക്കുന്ന ബംഗ്ലാദേശ്, ന്യൂസിലൻഡ് പരമ്പരകൾക്ക് പുറമെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഏകദിന ലോകകപ്പും ഓസ്‌ട്രേലിയക്ക് മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ ഐപിഎല്ലിൽ കളിക്കുന്നത് സംബന്ധിച്ച് ആരാധകർക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. സൺറൈസേഴ്‌സ് ഹൈദരാബാദിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ നായകന്റെ സാന്നിധ്യം ടീമിന് ഏറെ നിർണ്ണായകമാണ്.
