ഏഷ്യാ കപ്പ് കിരീടം സംബന്ധിച്ച തർക്കം ഇപ്പോഴും തുടരുകയാണ്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) ആസ്ഥാനത്ത് സൂക്ഷിച്ചിരുന്ന ട്രോഫി അബുദാബിയിലെ ഒരു രഹസ്യ സ്ഥലത്തേക്ക് മാറ്റിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അടുത്തിടെ ഒരു ബിസിസിഐ.ഉദ്യോഗസ്ഥൻ എസിസി ആസ്ഥാനത്ത് നടത്തിയ സന്ദർശനത്തിലാണ് ട്രോഫി മാറ്റിയ വിവരം പുറത്തുവന്നത്. ട്രോഫി എവിടെയാണെന്ന് അന്വേഷിച്ചപ്പോൾ, അത് നിലവിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവിയും ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്വിയുടെ കസ്റ്റഡിയിലാണെന്ന് ജീവനക്കാർ മറുപടി നൽകി.
സെപ്റ്റംബർ 28-ന് ദുബായിൽ നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. എന്നാൽ, മൊഹ്സിൻ നഖ്വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ ടീം വിസമ്മതിച്ചതോടെയാണ് തർക്കങ്ങൾ ആരംഭിച്ചത്. ഇതിനെത്തുടർന്ന് ഒരു ഉദ്യോഗസ്ഥൻ യാതൊരു വിശദീകരണവും നൽകാതെ ട്രോഫി വേദിയിൽ നിന്ന് എടുത്തുമാറ്റുകയും ചെയ്തു.
ഒക്ടോബർ ആദ്യം ട്രോഫി തിരികെ നൽകുന്നതിനായി നഖ്വി ചില വ്യവസ്ഥകൾ വെച്ചു. ട്രോഫി വേണമെങ്കിൽ എ.സി.സി. ഓഫീസിൽ വന്ന് തന്നിൽ നിന്ന് കൈപ്പറ്റണമെന്നും, ഏഷ്യാ കപ്പ് 2025 ട്രോഫി ഇന്ത്യക്ക് കൈമാറാനായി ഒരു ചടങ്ങ് സംഘടിപ്പിക്കാമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഒരു ഇന്ത്യൻ താരം ചടങ്ങിൽ പങ്കെടുത്ത് തന്നിൽ നിന്ന് ട്രോഫി സ്വീകരിക്കണമെന്നായിരുന്നു നഖ്വിയുടെ പ്രധാന ആവശ്യം.
