Home » Blog » Kerala » ഏലം കര്‍ഷകര്‍ക്ക് പുനര്‍നടീലിന് ധനസഹായ വിതരണം: 25 വരെ അപേക്ഷിക്കാം
images - 2026-03-11T185125.963

ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേര പദ്ധതി പ്രകാരം ഏലം പുനര്‍നടീലിനു ഹെക്ടറിന് ഒരു ലക്ഷം രൂപ നിരക്കില്‍ ധനസഹായം നല്‍കുന്നതിനുള്ള പദ്ധതിയ്ക്ക് ഇടുക്കി ജില്ലയിലെ കര്‍ഷകരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി മാര്‍ച്ച് 25 വരെ നീട്ടി.

 

ഉല്പാദനക്ഷമത കുറഞ്ഞ ഏലം ചെടികള്‍ മുറിച്ചു മാറ്റി കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതും, ഉല്പാദനക്ഷമത കൂടിയതുമായ ഇനങ്ങളുപയോഗിച്ചുള്ള മൂവായിരത്തി അഞ്ഞൂറ് ഹെക്ടറിലെ പുനര്‍നടീലാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഏഴായിരത്തോളം ഏലം കര്‍ഷകര്‍ക്ക് നേരിട്ട് ആനുകൂല്യം ലഭിക്കും.

 

നിലവില്‍ 25 സെന്റ് മുതല്‍ 8 ഹെക്ടര്‍ വരെ കൃഷിയുള്ള കര്‍ഷകര്‍ക്ക് തങ്ങളുടെ 2 ഹെക്ടര്‍ വരെയുള്ള ഏലം പുനര്‍ നടീലിനാണ് പദ്ധതിയിലുള്‍പ്പെടുത്തി ധനസഹായം നല്‍കുക. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ശാസ്ത്രീയ കൃഷിമുറകളില്‍ സാങ്കേതിക പരിജ്ഞാനവും ഇതോടൊപ്പം നല്‍കും. ഉല്പാദന ക്ഷമത കൂടിയ ഇനങ്ങളുപയോഗിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യവര്‍ഷം അമ്പതിനായിരം, രണ്ടാം വര്‍ഷം അമ്പതിനായിരം എന്ന രീതിയിലായിരിക്കും ധനസഹായം ലഭ്യമാക്കുക. ഇതോടൊപ്പം നിലവാരമുള്ള ഏലം തൈകള്‍ ഉല്പാദിപ്പിക്കുന്നതിനു ഈ ജില്ലകളിലെ നഴ്‌സറികള്‍ക്കു സബ്‌സിഡിയും അനുവദിക്കും. കര്‍ഷകര്‍ക്കും, കൂട്ടായ്മകള്‍ക്കും ഗ്യാപ് സര്‍ട്ടിഫിക്കേഷന് വേണ്ടി ചെലവഴിക്കുന്ന നൂറു ശതമാനം തുക പദ്ധതിയിലുള്‍പ്പെടുത്തി റീ ഇമ്പേഴ്സ് ചെയ്തു കൊടുക്കുന്നതാണ്.

 

മറ്റ് ഏജന്‍സികളില്‍ നിന്നും സമാന ധനസഹായം നേടിയവരല്ലാത്ത കര്‍ഷകര്‍ക്കും നഴ്സറികള്‍ക്കും കേര പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ (https://www.keraplantation.kerala.gov.in) വഴി നേരിട്ട് റജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകരെ കേര നടത്തുന്ന പരിശീലന പരിപാടിയിലേക്ക് ക്ഷണിക്കുന്നതാണ്. അര്‍ഹരായ കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിനും, പദ്ധതി നടപ്പിലാക്കുന്നതിനുമായി കേര ഫീല്‍ഡ് ഓഫീസര്‍മാര്‍ നേരിട്ടുള്ള പിന്തുണ ഉറപ്പുവരുത്തുന്നതാണ്.

 

തിരിച്ചറിയല്‍ രേഖ, ഫോട്ടോ, ബാങ്ക് പാസ്സ് ബുക്ക്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കാര്‍ഡമം റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, കൃഷിഭൂമിയുടെ സ്‌കെച്ച്, നികുതി രസീത് തുടങ്ങിയ രേഖകള്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരയുടെ കോട്ടയം റീജിയണല്‍ ഓഫീസുമായോ 7994346009 എന്ന നമ്പറിലോ ബന്ധപ്പെട്ട് മാര്‍ച്ച് 25 നകം അപേക്ഷ സമര്‍പ്പിക്കണം.