Home » Blog » Uncategorized » എൽസിയുവിൽ നിന്ന് ഇനിയും വമ്പൻ സിനിമകൾ വരും: ലോകേഷ് കനകരാജ്
karthi-680x450

ലോകേഷ് കനകരാജിന്റെ സിനിമാ പ്രപഞ്ചമായ എൽസിയുവിൽ നിന്ന് ഇനിയും വമ്പൻ സിനിമകൾ വരുമെന്ന് ലോകേഷ് കനകരാജ്. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാർത്തി ചിത്രം ‘കൈതി 2’ ഉപേക്ഷിച്ചിട്ടില്ലെന്നും വരും വർഷങ്ങളിൽ ചിത്രം യാഥാർത്ഥ്യമാകുമെന്നും ലോകേഷ് വ്യക്തമാക്കി. അല്ലു അർജുനെ നായകനാക്കി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രത്തിന് (AA23) ശേഷം കൈതിയുടെ രണ്ടാം ഭാഗം ആരംഭിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.

രജനികാന്തും കമൽഹാസനും ഒന്നിക്കുന്ന ഒരു ആക്ഷൻ സിനിമ ലോകേഷിന്റെ സ്വപ്നമായിരുന്നു. “ഞാൻ ഒരു ആക്ഷൻ തിരക്കഥയാണ് അവർക്കായി തയ്യാറാക്കിയത്. അവർക്ക് അത് ഇഷ്ടപ്പെട്ടെങ്കിലും, അടുത്തിടെ ഒരുപാട് ആക്ഷൻ സിനിമകൾ ചെയ്തതിനാൽ അവർക്ക് ഒരു കൊച്ചു ചിത്രം മതിയായിരുന്നു. എനിക്ക് അത്തരം സിനിമകൾ എഴുതാൻ കഴിയില്ല, അതുകൊണ്ടാണ് ആ പ്രോജക്റ്റിൽ നിന്ന് മാറിയത്,” ലോകേഷ് പറഞ്ഞു.

രജനികാന്ത് ചിത്രം ‘കൂലി’ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്നത് അല്ലു അർജുൻ ചിത്രമാണ്. ഈ വർഷം ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ സംഗീതം നൽകുന്നു. താൻ വലിയ പ്രതിഫലം മോഹിച്ചാണ് അല്ലു അർജുൻ ചിത്രത്തിലേക്ക് പോയതെന്ന ആരോപണങ്ങളെയും ലോകേഷ് തള്ളി. കൈതി 2-ന് മുന്നോടിയായി ലഭിച്ച ഇടവേളയിലാണ് അല്ലു അർജുനൊപ്പമുള്ള ചിത്രം ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എൽസിയു ഉടൻ അവസാനിക്കില്ലെന്ന ലോകേഷിന്റെ വാക്കുകൾ തമിഴ്-മലയാളം സിനിമാ പ്രേമികൾക്ക് വലിയ ആവേശമാണ് നൽകുന്നത്.