Home » Blog » kerala Max » എൽപിജി ലഭ്യത കുറഞ്ഞതിനൊപ്പം പാമോയിലിന് വില വർധിച്ചു; ആലപ്പുഴയിൽ പൊറോട്ടയ്ക്ക് 3 രൂപ വർധിച്ചു, ഹോട്ടലുകൾ അടച്ചുപൂട്ടുന്നു
3858b548b751fe88cb347f4234be532e4ead13fbc55db3e36c4e682979c839b9.0

ലപ്പുഴയിൽ പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഹോട്ടൽ മേഖല കനത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. എൽപിജി ലഭ്യത കുറഞ്ഞതിനൊപ്പം പാമോയിലിന് വില വർധിച്ചതും തിരിച്ചടിയായതോടെ ജില്ലയിലെ ഹോട്ടലുകളിൽ പൊറോട്ടയ്ക്ക് മൂന്ന് രൂപ വർധിപ്പിച്ചു. നേരത്തെ തന്നെ ബിരിയാണിക്കും വിവിധ കറികൾക്കും വില കൂട്ടിയിരുന്നു. ഇന്ധന പ്രതിസന്ധി താങ്ങാനാവാതെ പല ഹോട്ടലുകളും ഇതിനോടകം അടച്ചുപൂട്ടിയിരിക്കുകയാണ്. ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കായി അടച്ച പല ഹോട്ടലുകളും ഗ്യാസ് ക്ഷാമം മൂലം പിന്നീട് തുറക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്.

പ്രതിസന്ധി മറികടക്കാൻ ആവശ്യമെങ്കിൽ വിഭവങ്ങൾക്ക് വില വർധിപ്പിക്കാൻ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹോട്ടലുകൾക്ക് ആവശ്യമായ പാചകവാതകത്തിന്റെ 20 ശതമാനം നൽകാമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. ഈ വാഗ്ദാനം പാലിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് അസോസിയേഷന്റെ തീരുമാനം. നിലവിൽ തൊഴിലാളികളുടെ ചെലവിനുള്ള പണം കണ്ടെത്താൻ വേണ്ടി മാത്രമാണ് പല ഹോട്ടലുകളും കഷ്ടിച്ച് പ്രവർത്തിച്ചുപോകുന്നത്.

പാചകവാതകത്തിന്റെ ഉപയോഗം കുറയ്ക്കാനായി കനലിൽ ചുട്ടെടുക്കുന്ന അൽഫാം പോലുള്ള വിഭവങ്ങൾക്കാണ് ഇപ്പോൾ ഹോട്ടലുടമകൾ മുൻഗണന നൽകുന്നത്. കറികൾ മണിക്കൂറുകളോളം ചൂടോടെ നിലനിർത്താൻ ഗ്യാസ് ഉപയോഗിക്കുന്നത് ഒഴിവാക്കി, പകരം അറക്കപ്പൊടി നിറച്ച കുറ്റി അടുപ്പുകൾ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.