എസ്എടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് കരിക്കകം സ്വദേശിനി ശിവപ്രിയ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. ആശുപത്രിക്കെതിരെ ബന്ധുക്കൾ ഉന്നയിച്ച ഗുരുതരമായ പരാതിയിൽ, പ്രത്യേക ടീമിനെ വെച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.
ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം
പ്രസവശേഷം ആശുപത്രിയിൽ നിന്ന് മതിയായ പരിചരണം ലഭിച്ചില്ലെന്നും, അതിനെ തുടർന്നുണ്ടായ അണുബാധയാണ് ശിവപ്രിയയുടെ മരണത്തിന് കാരണമായതെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ഇതേത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും എസ്എടി ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ബിജെപി നേതാവ് വി. മുരളീധരൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം 22-നായിരുന്നു എസ്എടി ആശുപത്രിയിൽ ശിവപ്രിയയുടെ പ്രസവം. പിന്നീട് പനി ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ ശിവപ്രിയയുടെ മരണം സംഭവിച്ചത്. അതേസമയം, ശിവപ്രിയയ്ക്ക് എല്ലാ ചികിത്സയും കൃത്യമായി നൽകിയിരുന്നു എന്നാണ് എസ്എടി ആശുപത്രിയുടെ വിശദീകരണം.
