a50c1a80d5e75394a7e7bb06831b83afb5447bec1c10b0106241e97923c6eba2.0

ചൈനീസ് സർക്കാർ സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾക്ക് മേൽ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഒക്ടോബർ 25 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമപ്രകാരം, ആരോഗ്യം, വിദ്യാഭ്യാസം, നിയമം, ധനകാര്യം തുടങ്ങിയ നിയന്ത്രിത വിഷയങ്ങളിൽ ഉള്ളടക്കം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർ ബിരുദമോ ലൈസൻസോ പോലുള്ള യോഗ്യതകൾ തെളിയിക്കണം. തെറ്റായ വിവരങ്ങളുടെ വ്യാപനം തടയുകയും തെറ്റിദ്ധാരണാജനകമായ ഉപദേശങ്ങളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുകയുമാണ് ഈ നിയമത്തിന്റെ ലക്ഷ്യമെന്ന് ചൈന അവകാശപ്പെടുന്നു.

ഡൗയിൻ, വെയ്‌ബോ, ബിലിബിലി പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇനിമുതൽ കണ്ടന്റ് പോസ്റ്റ് ചെയ്യുന്നവരുടെ വിവരങ്ങൾ ആധികാരികമാണെന്നും ശരിയായ സോഴ്‌സുകൾ ഉദ്ധരിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. ഏതെങ്കിലും പഠനത്തിൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിക്കുകയോ അല്ലെങ്കിൽ എഐ ജനറേറ്റഡ് കണ്ടന്റ് ഉപയോഗിക്കുകയോ ചെയ്യുമ്പോൾ ക്രിയേറ്റേഴ്‌സ് അത് വ്യക്തമായി വെളിപ്പെടുത്തേണ്ടതുണ്ട്. കൂടാതെ, ആരോഗ്യ ഉൽപ്പന്നങ്ങൾ, സപ്ലിമെന്റുകൾ, ഹെൽത്ത് ഫുഡ് തുടങ്ങിയവയുടെ മറഞ്ഞ പരസ്യങ്ങളും സൈബർ അഡ്മിനിസ്ട്രേഷൻ ഓഫ് ചൈന (സി.എ.സി.) നിരോധിച്ചിട്ടുണ്ട്.

സുതാര്യതയും കൃത്യതയും കൊണ്ടുവരിക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് ചൈനീസ് സർക്കാർ അവകാശപ്പെടുമ്പോഴും, വിമർശകർ ഇതിനെ ഓൺലൈൻ സെൻസർഷിപ്പിന്റെ പുതിയ രൂപമായി വ്യാഖ്യാനിക്കുന്നു. സ്വതന്ത്ര ശബ്ദങ്ങളെ അടിച്ചമർത്താനും സോഷ്യൽ മീഡിയയിലെ തുറന്ന ചർച്ചകൾ പരിമിതപ്പെടുത്താനും ഈ പുതിയ നിയമം കാരണമാകുമെന്നാണ് വിമർശകരുടെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *