തിരുവനന്തപുരം: രാജി വയ്ക്കുമെന്നു കരുതി ആരും തന്റെ പുറകേ നടക്കേണ്ടെന്നും അങ്ങനെ ആഗ്രഹിക്കാന്‍ കൊള്ളാമോ എന്നും ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി മെഡിക്കല്‍ സെന്റര്‍ ആന്‍ഡ് ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
“മന്ത്രിസഭയ്ക്ക് ഇനി കുറച്ചുദിവസം കൂടി മാത്രമേ കാലാവധി ഉള്ളൂ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ മന്ത്രിക്ക് ഒരു വിലയുമില്ല. എന്നെ ജനങ്ങള്‍ വ്യക്തിപരമായി സ്നേഹിക്കുന്നുണ്ട്. അവരെ വിദ്വേഷിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്റെ ചോര വേണമെങ്കില്‍ ഒരു കത്തി തന്നാല്‍ കൈ മുറിച്ച് തരാം. അതു കുടിച്ചോ. ഞാന്‍ ഇന്നു രാജിവച്ചു പോകുമെന്നാണ് ചിലര്‍ കരുതിയത്. അതു നടന്നില്ല. അത്തരം സന്തോഷത്തിനു വേണ്ടി നടക്കേണ്ട. അങ്ങനെയൊക്കെ ആഗ്രഹിച്ചാല്‍ കൊള്ളാമോ?” – മന്ത്രി ചോദിച്ചു.
പൊതുജനങ്ങള്‍ക്കു കൂടി ചികിത്സ തേടാന്‍ കഴിയുന്ന കെഎസ്ആര്‍ടിസി മെഡിക്കല്‍ സെന്റര്‍ ആന്‍ഡ് ഡയാലിസിസ് യൂണിറ്റാണ് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാര് ഇന്നു തുറന്നുകൊടുത്തത്. കോട്ടയ്ക്കകത്ത് ആസ്ഥാനമന്ദിരത്തോടു ചേര്‍ന്നാണ് ഒരു കോടിരൂപ ചെലവിട്ട് ഡയാലിസിസ് സൗകര്യമുള്ള ആശുപത്രി തയാറാക്കിയത്. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും ക്ലിനിക് പൊതുജനങ്ങള്‍ക്കും ഗുണകരമാകുന്ന രീതിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സഹായത്തോടെ ഒരുക്കുകയായിരുന്നു. 5 ഡയാലിസിസ് യൂണിറ്റുകളും ഐഒസി നല്‍കും.
ജനറല്‍ മെഡിസിന്, കാര്‍ഡിയോളജി, ഓങ്കോളജി, ഓര്‍ത്തോപീഡിക്സ്, ഗൈനക്കോളജി, പീഡിയാട്രിക്സ്, ന്യൂറോളജി, നെഫ്രോളജി, സൈകാട്രി, ഡെര്‍മറ്റോളജി വിഭാഗങ്ങളുടെ ഒപി പ്രവര്‍ത്തിക്കും. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കണ്സള്ട്ടേഷന് സൗജന്യമായിരിക്കും. പൊതുജനങ്ങള്‍ക്ക് സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ നിരക്ക് 100 രൂപയും നോണ്‍ സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ നിരക്ക് 50 രൂപയുമാണ്. ലാബ് പരിശോധനകള്‍ക്ക് പ്രത്യേക ഡിസ്കൗണ്ടും ഡയാലിസിസ് കുറഞ്ഞ നിരക്കിലുമാണ് ചെയ്യുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുമായി സഹകരിച്ചാണ് ലാബ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സ്പെഷാലിറ്റി മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ശ്രീമൂകാംബിക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്സസുമായാണ് സഹകരിക്കുന്നത്.
