എടയ്ക്കാട്ടുവയൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു

എടയ്ക്കാട്ടുവയൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
അത്ഭുതകരമായ മാറ്റത്തിലൂടെയാണ് കേരളത്തിലെ റവന്യൂ മേഖല
കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. എടയ്ക്കാട്ടുവയൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

600 അധികം വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആയി മാറുകയാണ്. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യത്തോടെ റവന്യൂ വകുപ്പിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ നടത്തിയ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമാകുന്ന ഘട്ടമാണിത്. ഈ മുദ്രാവാക്യത്തോടെ റവന്യൂ വകുപ്പ് നടത്തിയ പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയമാണ് എല്ലാവരെയും ഭൂമിയുടെ ഉടമസ്ഥരാക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് ആരംഭിച്ച പട്ടയ മിഷൻ.

കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ എംഎൽഎമാർ അധ്യക്ഷന്മാരായും പഞ്ചായത്ത് മെമ്പർമാർ വരെയുള്ള മുഴുവൻ ജനപ്രതിനിധികളെയും വിളിച്ചുചേർത്ത് പട്ടയ അസംബ്ലി നടത്തി. ഇതിലൂടെ ഒരോ പ്രദേശത്തും നൽകാനുള്ള പട്ടയങ്ങളുടെ എണ്ണം എടുക്കുകയും പട്ടയം വിതരണം ചെയ്യുന്നതിനുള്ള തടസ്സം പരിശോധിക്കുകയും ചെയ്തു. ജില്ലയിലോ താലൂക്കിലോ തീരാത്ത പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിൻ്റെ പട്ടയ ഡാഷ്ബോർഡിൽ ഉൾപ്പെടുത്തി പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രദ്ധേയമായ ഇടപെടലാണ് പട്ടയ മിഷൻ എന്ന ആശയം വഴി നടപ്പിലാക്കിയത്.

പട്ടയ ഡാഷ്ബോർഡിൽ വന്ന പ്രശ്നങ്ങൾ അദാലത്തിലൂടെ പരിഹരിച്ച് കേരളത്തിൽ നാലര വർഷം കൊണ്ട് 2,23,000 ൽ ഏറെ പട്ടയങ്ങൾ വിതരണം ചെയ്തു. സർക്കാർ അധികാരത്തിൽ വന്നത് മുതൽ പരിശോധിച്ചാൽ ഒമ്പത് വർഷം കൊണ്ട് നാല് ലക്ഷത്തിലധികം പേരെ ഭൂഉടമകൾ ആക്കാൻ സാധിച്ചത് ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമായാണ്.

കേരളത്തിൻ്റ ചരിത്രത്തിലാദ്യമായി അതിവേഗവും സുതാര്യവുമായ റവന്യൂ നടപടിക്രമങ്ങളിലേക്ക് കടക്കാൻ ഉതകുന്ന ഡിജിറ്റൽ റീസർവേ ഒന്നരവർഷം കൊണ്ട് അളന്നു തീർത്തത് നാലര ലക്ഷം ഹെക്ടർ ഭൂമിയാണ്. മറ്റൊരു സംസ്ഥാനത്തിനും സാധ്യമാക്കാത്ത വിധത്തിൽ സുതാര്യമായി ജനപങ്കാളിത്തത്തോടെ ഡിജിറ്റൽ റീസർവ്വേ നടക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് നടന്ന സർവ്വേ കോൺകേവിൽ പ്രഖ്യാപിച്ചത് സംസ്ഥാനത്തിന്റെ സർവ്വെ സൊല്യൂഷൻ ഇന്ത്യ തന്നെ ശ്രദ്ധിച്ച ഏറ്റവും സുതാര്യവും വേഗതയുള്ള സർവ്വേ സൊല്യൂഷനാണെന്നാണ്. 23 സംസ്ഥാനങ്ങൾ, കേന്ദ്രസർക്കാർ, സെൻട്രൽ സർവ്വേ ഓഫ് ഇന്ത്യ ഉൾപ്പെടെ വിവിധ തലങ്ങളിലുള്ള ആളുകൾ പങ്കെടുത്ത സർവ്വേ കോൺക്ലേവ് കേരളത്തോട് ആവശ്യപ്പെട്ടത് ഭൂഭരണത്തിന്റെ കാര്യത്തിൽ ഇന്ത്യയെ നയിക്കുന്നതിനുള്ള ചുമതല കേരളത്തിൻ്റെ റവന്യൂ വകുപ്പ് ഏറ്റെടുക്കണം എന്നതാണ്.

ഭൂസംബന്ധമായ മുഴുവൻ നടപടികൾക്കും രേഖകൾക്കും സഹായകരമായ റവന്യൂ, സർവെ, രജിസ്‌ട്രേഷൻ വകുപ്പുകളുടെ പോർട്ടലുകെളെ ഏകോപിപ്പിച്ച് സമഗ്രമായ ഒരു ഇന്റഗ്രേറ്റഡ് പോർട്ടൽ ഭൂമിയുടെ ക്രയവിക്രയങ്ങളിൽ തടസ്സം ഉണ്ടാകാത്ത വിധത്തിൽ ഉണ്ടായി. 1542 ഓഫീസുകളിലായി പ്രവർത്തിക്കുന്ന 1666 വില്ലേജ് ഓഫീസ്, 28 താലൂക്ക് ഓഫീസ്, 27 സബ് കളക്ടർ ഓഫീസ്, 14 കളക്ടറേറ്റ്, സെക്രട്ടറിയേറ്റ് ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് എന്നിങ്ങനെ സമസ്ത മേഖലയിൽ അടിമുടി ഡിജിറ്റൽ സംവിധാനത്തിലൂടെ കോർത്തിണക്കിയ ഒരു ഭൂഭരണ മോഡൽ പൂർണമായും ഈ സർവീസിലൂടെ കേരളത്തിന് കാഴ്ചവയ്ക്കാനായി. എല്ലാ റവന്യൂ സംവിധാനങ്ങളും ഈ സംവിധാനത്തിലൂടെ നമുക്ക് ലഭ്യമാകുന്നു. ഇത്തരത്തിൽ റവന്യൂ വകുപ്പിൽ വിപ്ലവകരമായ മാറ്റം നടക്കുമ്പോൾ അത് പ്രകടമായി കാണേണ്ടത് വില്ലേജ് വില്ലേജ് ഓഫീസുകളിൽ ആണ് എന്ന തിരിച്ചറിവിൽ നിന്നാണ് നിറം മങ്ങിയ വില്ലേജ് ഓഫീസുകൾ 1500 സ്ക്വയർ ഫീറ്റ് വലിപ്പത്തിൽ വളരെ മനോഹരമായി പുനർ നിർമ്മിക്കുന്നത്.

കേരളം മറ്റൊരു മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. സ്ഥിരമായി വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ പൂർണമായും വില്ലേജ് ഓഫീസറുടെ അനുവാദത്തോടെ ഒരു ഡിജിറ്റൽ കാർഡിലേക്ക് കേരളത്തിൽ ലഭ്യമാക്കുകയാണ്. റവന്യൂ ഓഫീസുകളിൽ നിന്ന് ലഭ്യമാക്കേണ്ട 14 വിവരങ്ങൾ ചിപ്പ് പിടിപ്പിച്ച ഒറ്റ കാർഡിൽ രേഖപ്പെടുത്തുന്നു. ഇതിലൂടെ സ്ഥിരമായി വില്ലേജ് ഓഫീസുകളിലെ സർട്ടിഫിക്കറ്റുകൾ വാങ്ങിക്കേണ്ടതില്ലാത്ത വിധത്തിൽ ആളുകളെ സഹായിക്കാൻ കഴിയുന്ന ഡിജിറ്റൽ റവന്യൂ കാർഡിലേക്ക് കേരളം പോവുകയാണെന്നും മന്ത്രി പറഞ്ഞു.

എടയ്ക്കാട്ടുവയൽ ഫാർമേഴ്സ് ഹാളിൽ നടന്ന പരിപാടിയിൽ അഡ്വ. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ ജയകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി അനിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു തോമസ്, വില്ലേജ് ഓഫീസർ പിജി ചിത്രലേഖ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ മനോജ്, പിഡബ്ല്യുഡി കെട്ടിട വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി ഐ മുഹമ്മദ് ബഷീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *