Home » Blog » Kerala » എംഡിഎംഎയുമായി സോഷ്യൽ മീഡിയാ താരം റിൻസി മുംതാസ് വീണ്ടും പിടിയിൽ, ‘ഡ്രഗ് ലേഡി’ക്കൊപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും അറസ്റ്റിൽ
6

കൊച്ചി: പോലീസുകാർക്കിടയിൽ ‘ഡ്രഗ് ലേഡി’ എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയിൽ. നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപത്തെ എംജെ റസിഡൻസിയിൽ വെച്ചാണ് പിടിയിലായത്. ലഹരി ഉപയോഗിക്കാനും വിൽക്കാനുമായി റൂമെടുത്ത് കഴിയുകയായിരുന്നു റിൻസിയെന്ന് പോലീസ് അറിയിച്ചു. വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്, നൂറനാട് സ്വദേശി ബിജു എന്നിവരാണ് റിൻസിയ്‌ക്കൊപ്പമുണ്ടായിരുന്നത്. ഇവർ ഉപയോഗിക്കാനായി കൈവശം വെച്ചിരുന്ന 3.58 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു.

2025 ജൂലൈയിലും റിൻസി എംഡിഎംഎയുമായി പിടിയിലായിരുന്നു. അന്ന് സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയാണ് റിൻസി മുംതാസ് എന്നാണ് പോലീസ് പറഞ്ഞത്. സിനിമാ പ്രമോഷൻ പരിപാടികളുടെ മറവിൽ താരങ്ങൾക്കുൾപ്പെടെ ലഹരി എത്തിച്ചു നൽകലാണ് റിൻസിയുടെ ജോലിയെന്നും അവർ ഷൂട്ടിംഗ് ലൊക്കേഷനുകളിലും വൻതോതിൽ ലഹരി ഒഴുക്കിയതായും പോലീസ് അന്ന് കണ്ടെത്തിയിരുന്നു.

അതേസമയം, യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമെല്ലാം സജീവമായ ഇൻഫ്‌ളുവൻസറാണ് കോഴിക്കോട് ഫറൂഖ് സ്വദേശിനിയായ റിൻസി മുംതാസ്. മലയാള സിനിമാ മേഖലയിൽ യുവ താരങ്ങൾക്കിടയിൽ സുപരിചിതയായ റിൻസി പല സിനിമകളുടെയും പ്രമോഷൻ പരിപാടികൾ ഏറ്റെടുത്ത് നടത്തിയിരുന്നു. ഇവി‌ടെ എംഡിഎംഎയും കൊക്കെയ്‌നും ഉൾപ്പെടെ റിൻസി സെറ്റുകളിൽ വിതരണം ചെയ്തിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.