സംസ്ഥാനത്തെ കാർഷിക മേഖലയ്ക്ക് വലിയ സുരക്ഷയും ആശ്വാസവും നൽകിക്കൊണ്ട് സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി വിപുലീകരിച്ചതായി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഉപ്പുവെള്ളം കയറിയുണ്ടാകുന്ന നെൽകൃഷി നാശത്തിനും പുതിയ പദ്ധതിയിലൂടെ നഷ്ടപരിഹാരം ലഭിക്കും. നിലവിലെ മാനദണ്ഡങ്ങളിൽ കർഷകർക്ക് അനുകൂലമായ ഭേദഗതികൾ വരുത്തിക്കൊണ്ടാണ് പദ്ധതി പരിഷ്കരിച്ചിരിക്കുന്നത്. പുതിയതായി 13 വിളകളെയും ഇതാദ്യമായി തേനീച്ച കൃഷിയെയും ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ വിളകളെയും തേനീച്ച കൃഷിയെയും ഉൾപ്പെടുത്തിയും നിലവിലെ മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയതിലൂടെയും പദ്ധതി വിപുലീകരിച്ചതിലൂടെയും സംസ്ഥാനത്തെ കർഷകരോടുള്ള കരുതൽ ഒരിക്കൽകൂടി പ്രകടമാക്കിയിരിക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
മാവുകളിലെ കീടരോഗബാധ മൂലം വിളനാശമുണ്ടായാലും സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിപ്രകാരമുള്ള നഷ്ടപരിഹാരം കർഷകർക്ക് ഇനി മുതൽ ലഭിക്കുന്നതാണ്. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന റംബുട്ടാൻ, പേര, പാഷൻ ഫ്രൂട്ട്, സപ്പോട്ട, അവക്കാഡോ, ലിച്ചി, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ ഇന്ന് നമ്മുടെ നാട്ടിൽ ധാരാളമായി കൃഷി ചെയ്തുവരുന്ന വിദേശ ഫലവർഗ്ഗങ്ങൾക്കും ഇനി മുതൽ നഷ്ട പരിഹാരം ലഭിക്കും. പപ്പായ കൃഷിപോലുള്ള ഫലവർഗ്ഗ വിളകൾക്കും ചേമ്പ്, കാച്ചിൽ എന്നീ കിഴങ്ങുവർഗ്ഗ വിളകൾക്കും പുതിയ ഉത്തരവ് പ്രകാരം വിള ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കൂടാതെ ആന്തൂറിയം, ഓർക്കിഡ്, മുല്ല എന്നീ പുഷ്പവിളകൾക്കും നഷ്ട പരിഹാരം ലഭിക്കും. തേനീച്ച കർഷകരുടെ നിരന്തരമായ ആവശ്യത്തിന് അംഗീകാരം നൽകിക്കൊണ്ട്, ഈച്ചയോടുകൂടിയ തേനീച്ചക്കൂടുകൾക്കും വിള ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ പുഷ്പ-ഫല കർഷകരടക്കം അനുബന്ധ കൃഷി മേഖലയിലെയും കർഷകരെയും സർക്കാർ ചേർത്ത് പിടിക്കുകയാണ്.
