ആദ്യ 48 മണിക്കൂറിനുള്ളിൽ ഇറാനിയൻ തുറമുഖങ്ങളിൽ നിന്ന് പുറത്തുപോകാൻ ശ്രമിച്ച 10 കപ്പലുകളെ തിരിച്ചയച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. തിങ്കളാഴ്ച ഉപരോധം ആരംഭിച്ചതിനുശേഷം ഒരു കപ്പൽ പോലും തങ്ങളുടെ നിരീക്ഷണം മറികടന്ന് പോയിട്ടില്ലെന്നാണ് അമേരിക്കൻ സേന അവകാശപ്പെടുന്നത്. ബന്ദർ അബ്ബാസിൽ നിന്ന് പുറപ്പെട്ട് ഹോർമുസ് കടലിടുക്ക് വഴി ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്ക് കപ്പലിനെ യുഎസ്എസ് സ്പ്രൂൻസ് (DDG 111) എന്ന മിസൈൽ ഡിസ്‌ട്രോയർ ഉപയോഗിച്ച് തടയുകയും വിജയകരമായി വഴിതിരിച്ചുവിടുകയും ചെയ്തതായി സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം, അമേരിക്കൻ സേനയുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി ചില കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നതായി കപ്പൽ ട്രാക്കിംഗ് ഡാറ്റകൾ സൂചിപ്പിക്കുന്നുണ്ട്. കൂതാതെ അമേരിക്ക തങ്ങളുടെ തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ ഗൾഫ് മേഖലയിലെ മുഴുവൻ വ്യാപാരവും തടയുമെന്ന് ഇറാൻ സംയുക്ത സൈനിക കമാൻഡ് ഭീഷണിപ്പെടുത്തിയതോടെ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുകയാണ്.
