Home » Blog » Kerala » ഉപഭോക്താക്കളുടെ ശ്രെദ്ധയ്ക്ക് ബാങ്കുകൾ ഇന്ന് മുതൽ 4 ദിവസം അടഞ്ഞു കിടക്കും
bank-closed-680x450

ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ഈ മാസം 27-ന് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചു. ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ എന്ന ദീർഘകാലമായുള്ള ആവശ്യം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഈ സമരം. ചീഫ് ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ നടന്ന രണ്ടാം ഘട്ട അനുരഞ്ജന ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് സമരവുമായി മുന്നോട്ട് പോകാൻ സംഘടനകൾ തീരുമാനിച്ചത്.

പണിമുടക്ക് പ്രഖ്യാപിച്ചതോടെ രാജ്യത്തെ ബാങ്കുകൾ തുടർച്ചയായ നാല് ദിവസം അടഞ്ഞുകിടക്കുന്ന അവസ്ഥയുണ്ടാകും. ജനുവരി 24 ശനിയാഴ്ചയും 25 ഞായറാഴ്ചയും ബാങ്ക് അവധിയാണ്. തുടർന്ന് 26-ന് റിപ്പബ്ലിക് ദിന അവധിയും 27-ന് പണിമുടക്കും വരുന്നതോടെ ചൊവ്വാഴ്ച വരെ ബാങ്ക് സേവനങ്ങൾ തടസ്സപ്പെടും. എടിഎം സേവനങ്ങളെയും ഓൺലൈൻ ഇടപാടുകളെയും സമരം ബാധിക്കാനിടയുള്ളതിനാൽ ഇടപാടുകാർ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്.

ബാങ്കിങ് മേഖലയിലെ പ്രവൃത്തിദിനങ്ങൾ അഞ്ചാക്കണമെന്ന ശുപാർശ കഴിഞ്ഞ രണ്ട് വർഷമായി കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. ബെഫി, എഐബിഇഎ, എഐബിഒസി തുടങ്ങി ഒമ്പതോളം പ്രമുഖ യൂണിയനുകൾ സമരത്തിൽ പങ്കുചേരുന്നുണ്ട്. വിഷയത്തിൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്ന ധനമന്ത്രാലയത്തിന്റെ നിലപാട് യൂണിയനുകൾ തള്ളിയതോടെ ബാങ്കിങ് മേഖലയിൽ വലിയൊരു പ്രതിസന്ധിക്ക് വഴിതുറന്നിരിക്കുകയാണ്.