തമിഴ് ചിത്രം ‘അദേഴ്സി’ൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി ഗൗരി ജി. കിഷനെ ബോഡിഷെയിമിങ് ചെയ്ത സംഭവത്തിൽ, യൂട്യൂബർ ആർ.എസ് കാർത്തിക് നടത്തിയ ഖേദപ്രകടനം തള്ളി നടി. ഒട്ടും പശ്ചാത്താപമില്ലാതെ, പൊള്ളയായ വാക്കുകളാൽ നടത്തിയ ക്ഷമാപണം സ്വീകരിക്കാൻ താൻ തയ്യാറല്ലെന്ന് ഗൗരി കിഷൻ വ്യക്തമാക്കി.
നടിയുടെ ശക്തമായ മറുപടി
യൂട്യൂബറുടെ വിശദീകരണത്തെ ഗൗരി കിഷൻ രൂക്ഷമായി വിമർശിച്ചു, “ഉത്തരവാദിത്തം ഏറ്റെടുക്കാതെയുള്ള ഖേദപ്രകടനം ഒരു ക്ഷമാപണമല്ലെന്ന് നടി പറഞ്ഞു. പ്രത്യേകിച്ച് അതൊരു രസകരമായ ചോദ്യമായിരുന്നു’, ‘ഞാൻ ആരെയും ശരീരത്തെ അപമാനിച്ചിട്ടില്ല’ എന്ന് പറഞ്ഞ് അവഗണിക്കുന്നു. പ്രകടനാത്മകമായ പശ്ചാത്താപമോ പൊള്ളയായ വാക്കുകളോ സ്വീകരിക്കില്ല എന്നും ഗൗരി പറഞ്ഞു.
പ്രൊമോഷൻ പ്രസ് മീറ്റിനിടെ യൂട്യൂബർ കാർത്തിക് സിനിമയിലെ നായകനോട് “നടിയുടെ ഭാരം എത്രയാണ്” എന്ന് ചോദിച്ചതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. സിനിമയെക്കുറിച്ച് ചോദിക്കാതെ വ്യക്തിപരമായ ചോദ്യങ്ങൾ ഉന്നയിച്ചത് ഗൗരിയെ ചൊടിപ്പിക്കുകയായിരുന്നു. തുടർന്ന് പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ നടിക്കെതിരെ തിരിയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
സംഭവത്തിൽ കാർത്തിക് നടത്തിയ പ്രതികരണത്തിൽ, തൻ്റെ ചോദ്യം നടി തെറ്റിദ്ധരിച്ചുവെന്നും അത് തമാശയായി ചോദിച്ചതാണെന്നുമാണ് പറഞ്ഞിരുന്നത്. എന്നാൽ, ഇത് ഖേദപ്രകടമാണെന്ന് തോന്നുന്നില്ലെന്ന് താരസംഘടന ‘അമ്മ’ പ്രസിഡൻ്റ് ശ്വേതാ മേനോൻ അഭിപ്രായപ്പെട്ടു
