തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താന്റെ വിമർശനങ്ങളോട് പ്രതികരിച്ച് മൂവാറ്റുപുഴ നിയുക്ത എം.എൽ.എ മാത്യു കുഴൽനാടൻ. ഉണ്ണിത്താൻ പറഞ്ഞത് അംഗീകരിക്കുന്നതായും വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘കോൺഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിൽ ലീഗ് ഇടപെടേണ്ട’ എന്ന മാത്യു കുഴൽനാടന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ രൂക്ഷവിമർശനമാണ് ഉണ്ണിത്താൻ നടത്തിയത്.
ലീഗിന്റെ അവകാശത്തെപ്പറ്റി ചോദിക്കാൻ അയാൾക്കെന്താണ് അധികാരമെന്ന് ചോദിച്ച ഉണ്ണിത്താൻ, അൽപന് ഐശ്വര്യം കിട്ടിയാൽ അർധരാത്രിയും കുടപിടിക്കുമെന്നും പരിഹസിച്ചിരുന്നു.
“രാജ്മോഹൻ ഉണ്ണിത്താൻ കോൺഗ്രസിലെ മുതിർന്ന നേതാവാണ്. അദ്ദേഹം പറഞ്ഞത് അംഗീകരിക്കുന്നു. ഞാൻ അദ്ദേഹത്തിന്റെ മുമ്പിൽ അൽപനും നിസ്സാരനുമാണ്. ഉണ്ണിത്താൻ പറഞ്ഞതിനോട് പ്രതികരിക്കാനുള്ള വലിപ്പം എനിക്കില്ല. പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. വിഷയത്തിൽ ഇനി സംസാരിക്കാനില്ല. അത് അടഞ്ഞ അധ്യായമാണ്.’ -കുഴൽനാടൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
