ട്വന്റി ട്വന്റി പാർട്ടി തന്നെ സ്ഥാനാർത്ഥിയാക്കാൻ സമീപിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടി കൃഷ്ണപ്രഭ. ലക്ഷ്മി പ്രിയ, വീണ നായർ എന്നിവർക്ക് പിന്നാലെ എൻഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കാനാണ് തന്നെയും വിളിച്ചതെന്നും എന്നാൽ ആ വാഗ്ദാനം താൻ നിരസിച്ചുവെന്നും നടി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
“മത്സരിക്കുന്നയാൾക്ക് കുറഞ്ഞത് ബോധം വേണമല്ലോ, അതുകൊണ്ടാണ് ഞാൻ ഇല്ലെന്ന് പറഞ്ഞത്. ആ നാടിനായി ഊണും ഉറക്കവും മാറ്റിവെച്ച് പ്രവർത്തിക്കുന്ന നേതാക്കന്മാർ നിന്നാലാണ് ജനങ്ങൾക്ക് ഉപകാരമുണ്ടാകുന്നത്,” കൃഷ്ണപ്രഭ പറഞ്ഞു. തിരഞ്ഞെടുപ്പിൽ തന്റെ സുഹൃത്തുക്കൾ തന്നെയാണ് മത്സരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് സംസാരിക്കവേ എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും താരം തുറന്നുപറഞ്ഞു. ഇതൊരു പിആർ വർക്കിന്റെ ഭാഗമായി പറയുന്നതല്ലെന്നും ഒരു കലാകാരിയെന്ന നിലയിൽ തനിക്ക് ലഭിച്ച പിന്തുണ കണക്കിലെടുത്താണെന്നും അവർ വിശദീകരിച്ചു. കോവിഡ് കാലത്ത് സർക്കാർ കലാകാരന്മാർക്ക് നൽകിയ വലിയ പിന്തുണയും ‘എന്റെ കേരളം’ പോലുള്ള പരിപാടികളിലൂടെ തനിക്ക് ലഭിച്ച അവസരങ്ങളും നടി ഓർത്തെടുത്തു. “ഉണ്ട ചോറിന് നന്ദി കാണിക്കണമല്ലോ” എന്നായിരുന്നു സർക്കാരിനോടുള്ള തന്റെ കൂറിനെക്കുറിച്ച് കൃഷ്ണപ്രഭയുടെ വൈകാരികമായ പ്രതികരണം.
