images (3)

വിദേശ തൊഴിൽ കുടിയേറ്റത്തിന് മുന്നോടിയായുളള പരിശീലന പരിപാടിയായ നോർക്ക റൂട്ട്‌സ്-പ്രീ-ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമിന്റെ (PDOP) നടപ്പു സാമ്പത്തിക വർഷത്തെ പരിപാടികൾക്ക് നാളെ (നവംബർ 4 ന്) തിരുവനന്തപുരത്ത് തുടക്കമാകും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബർ നാലിന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ഗവൺമെന്റ് കോളേജ് ഓഫ് നഴ്‌സിംങിൽ നടക്കുന്ന ചടങ്ങിൽ നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ നിർവ്വഹിക്കും. നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തിരുവനന്തപുരം ഗവൺമെന്റ് കോളേജ് ഓഫ് നഴ്‌സിംങ് പ്രിൻസിപ്പൽ പ്രൊഫ. ഗീതാകുമാരി എസ് സ്വാഗതവും നോർക്ക റൂട്ട്‌സ് അസിസ്റ്റന്റ് മാനേജർ (റിക്രൂട്ട്‌മെന്റ്) സാനു കുമാർ എസ് നന്ദിയും പറയും. നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് പ്രോഗാമുകൾ ഭാഷാ പരിശീലന പരിപാടികൾ എന്നിവ സംബന്ധിച്ച് റിക്രൂട്ട്‌മെന്റ് മാനേജർ പ്രകാശ് പി ജോസഫ് വിശദീകരിക്കും. ഉദ്ഘാടന ചടങ്ങിനുശേഷം ഉച്ചയ്ക്ക് ശേഷം 2:15 മുതൽ 4:45 വരെയാണ് പരിശീലന പരിപാടി.

വിദേശരാജ്യത്തേയ്ക്ക് തൊഴിലിനോ പഠനത്തിനോ പോകുന്ന കേരളീയർക്ക് സുരക്ഷിത കുടിയേറ്റം, നിയമപരമായ പ്രക്രിയകൾ, തൊഴിലവകാശങ്ങൾ, വിദേശത്തെ തൊഴിൽ സാഹചര്യം, സാമൂഹിക സാംസ്‌കാരിക വൈവിധ്യങ്ങൾ, എമിഗ്രേഷൻ, വിസ നടപടിക്രമങ്ങൾ, റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ ആധികാരികത, തൊഴിൽ കരാറുകളിൽ പരിശോധിക്കേണ്ട വിഷയങ്ങൾ, തുടങ്ങിയ വിഷയങ്ങളിൽ അവബോധം നൽകുന്ന നോർക്ക റൂട്ട്‌സിന്റെ പദ്ധതിയാണ് പ്രീ-ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാം.

Leave a Reply

Your email address will not be published. Required fields are marked *