1762426082127

മുംബൈ: ഇന്ത്യയുടെ വനിതാ ലോകകപ്പ് വിജയത്തിൻ്റെ ആവേശം മനസ്സിൽ നിന്ന് മായും മുമ്പ്, ലോകകപ്പ് ട്രോഫിയുടെ ചിത്രം ശരീരത്തിൽ ടാറ്റൂ ചെയ്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ശ്രദ്ധ നേടുന്നു. കൈമുട്ടിന് മുകളിലായാണ് താരം ട്രോഫിയുടെ മനോഹരമായ ചിത്രം പച്ചകുത്തിയിരിക്കുന്നത്.

വിജയത്തിൻ്റെ ഈ അടയാളത്തിൻ്റെ ചിത്രം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ ശരീരത്തിലും ഹൃദയത്തിലും എന്നെന്നേക്കുമായി കൊത്തിവച്ചിരിക്കുന്നു, ഇനി എല്ലാ ദിവസവും രാവിലെ ഞാൻ നിന്നെ കാണും’ എന്ന വൈകാരികമായ അടിക്കുറിപ്പും താരം പോസ്റ്റിനൊപ്പം ചേർത്തു.

നവി മുംബൈ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനാണ് ഇന്ത്യൻ വനിതകൾ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് 246 റൺസിൽ അവസാനിച്ചു.

ക്യാപ്റ്റൻ ലോറ വോൾവാർഡ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെഞ്ച്വറിയുമായി (98 പന്തിൽ 101 റൺസ്) തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഇന്ത്യക്ക് വേണ്ടി ദീപ്തി ശർമ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ഷെഫാലി വർമ രണ്ട് വിക്കറ്റുകൾ നേടി.

Leave a Reply

Your email address will not be published. Required fields are marked *