JD-Vance-680x450.jpg

ഗാസയിലെ സമാധാന കരാറിന് മേൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇസ്രായേലിലെത്തി. ഗാസ സമാധാന കരാർ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വാൻസിന്റെ ഈ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നതായാണ് വിദഗ്ധർ വിലയിരുത്തുന്നത്. വാൻസ് എത്തിയ വിവരം ഇസ്രായേൽ എയർപോർട്ട് അതോറിറ്റി സ്ഥിരീകരിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ ഉദ്യോഗസ്ഥർ, മനുഷ്യാവകാശ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവരുമായി വാൻസ് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.

ഗാസ സമാധാന കരാറിന്റെ ആദ്യഘട്ടം ഉറപ്പാക്കുകയും, പുനർനിർമാണ സഹായ പദ്ധതികൾക്ക് അമേരിക്കയുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് വാൻസിന്റെ സന്ദർശന ലക്ഷ്യമെന്ന് അമേരിക്കൻ വൃത്തങ്ങൾ അറിയിച്ചു. “ഗാസയിൽ സമാധാനം നിലനിർത്താൻ ഇരു പക്ഷവും ആത്മനിയന്ത്രണം പാലിക്കണം,” വാൻസ് പ്രസ്താവിച്ചു. “ഗാസയിലേക്ക് അമേരിക്കൻ സൈനികരെ അയക്കില്ല. അമേരിക്ക ഇസ്രായേലിനൊപ്പം ഏകോപനവും രാഷ്ട്രീയ പിന്തുണയും മാത്രമേ നൽകൂ. ഇത് ദൈർഘ്യമേറിയ ശ്രമമാണ്, പക്ഷേ സമാധാനത്തിന്റെ വഴിയിൽ നാം പിന്നോട്ടില്ല.”- വാൻസ് പറഞ്ഞു.

ഗാസ സമാധാന കരാറിന്റെ ആദ്യഘട്ടത്തിൽ തന്നെ ഹമാസും ഇസ്രായേലും തമ്മിൽ പരസ്പര ലംഘനാരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അതിനാൽ കരാറിന്റെ ഭാവി അനിശ്ചിതമാണെന്ന വിലയിരുത്തലും നിലനിൽക്കുന്നു. ഗാസയിലെ സഹായ വിതരണവും കുടിയേറ്റ നിയന്ത്രണവും ഇപ്പോഴും തകരാറിലാണെന്ന് അന്താരാഷ്ട്ര സഹായ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഗാസ സമാധാന കരാറിനെ നിലനിർത്താനുള്ള അമേരിക്കൻ നീക്കങ്ങളുടെ ഭാഗമാണ് വാൻസിന്റെ ഈ സന്ദർശനം. വാൻസിന്റെ ഇടപെടലിലൂടെ ​ഗാസയിൽ സമാധാനം പുനസ്ഥാപിക്കാനാകുമെന്നാണ് ആ​ഗോള സമൂഹം പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *