Home » Blog » Kerala » ​’ഇഷാൻ കിഷൻ ടീമിലെത്തിയപ്പോൾ ഞാൻ തഴയപ്പെട്ടു, ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ചെന്ന് അന്ന് തിരിച്ചറിഞ്ഞു’; തുറന്നുപറഞ്ഞ് സഞ്ജു സാംസൺ
images (94)

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ അവസരം നഷ്ടപ്പെടാനിടയായ സാഹചര്യങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു തന്റെ കരിയറിലെ പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ച് സംസാരിച്ചത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മോശം പ്രകടനവും, തുടര്‍ന്ന് ടീമിലെത്തിയ ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ഫോമും തന്റെ ലോകകപ്പ് പ്രതീക്ഷകളെ എങ്ങനെ ബാധിച്ചുവെന്ന് താരം തുറന്നുപറഞ്ഞു.

 

ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഉയരാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. ഈ ഘട്ടത്തില്‍ ടീമിലേക്ക് തിരിച്ചെത്തിയ ഇഷാന്‍ കിഷന്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ താന്‍ പിന്തള്ളപ്പെട്ടതായി വ്യക്തമായി മനസ്സിലായെന്ന് സഞ്ജു പറഞ്ഞു. ”സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ ഒറ്റയ്ക്ക് ജയിപ്പിച്ചാണ് ഇഷാന്‍ ഇന്ത്യന്‍ ടീമിലെത്തിയത്. അദ്ദേഹം വേറൊരു ലെവലിലാണ് ബാറ്റ് ചെയ്തത്. ഇഷാന്‍ എനിക്ക് മുകളിലേക്ക് ഉയര്‍ന്നുവരുന്നത് എനിക്ക് വ്യക്തമായി കാണാന്‍ കഴിയുമായിരുന്നു,” സഞ്ജു വ്യക്തമാക്കി. ആ സമയത്ത് ടീമിന് ഫോമിലുള്ള ഒരു താരത്തെയായിരുന്നു ആവശ്യമെന്നും, തന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിച്ചതായി തനിക്ക് അപ്പോള്‍ മനസ്സിലായെന്നും താരം കൂട്ടിച്ചേര്‍ത്തു.

 

കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറികള്‍ നേടി നില്‍ക്കുമ്പോഴാണ് ഈ കടുത്ത തിരിച്ചടി ഉണ്ടായത്. ആളുകള്‍ തന്റെ സ്ഥാനം സുരക്ഷിതമാണെന്ന് കരുതിയെങ്കിലും താന്‍ ഒരിക്കലും അങ്ങനെ ചിന്തിച്ചിരുന്നില്ലെന്ന് സഞ്ജു പറഞ്ഞു. ലോകകപ്പ് ലക്ഷ്യമാക്കി കഠിനാധ്വാനം ചെയ്‌തെങ്കിലും ന്യൂസിലന്‍ഡ് പരമ്പരയില്‍ കാര്യങ്ങള്‍ തനിക്ക് അനുകൂലമായി മാറിയില്ല.

 

എങ്കിലും ഈ തിരിച്ചടി തനിക്ക് ജീവിതത്തിൽ വലിയൊരു പാഠമാണ് പഠിപ്പിച്ചതെന്ന് സഞ്ജു വെളിപ്പെടുത്തുന്നു. ”ഞാന്‍ അമിതമായി കഠിനാധ്വാനം ചെയ്യുകയായിരുന്നു എന്ന് എനിക്ക് മനസ്സിലായി. മണിക്കൂറുകളോളം പരിശീലനം നടത്തുന്നതിനേക്കാള്‍ പ്രധാനം സന്തോഷത്തോടെയും മാനസികമായി നല്ലൊരു അവസ്ഥയിലുമായിരിക്കുകയാണെന്ന് എന്റെ ഭാര്യ പറഞ്ഞതാണ് ശരിയെന്ന് എനിക്ക് ബോധ്യപ്പെട്ടു. ന്യൂസിലന്‍ഡ് പരമ്പര എനിക്ക് പഠിപ്പിച്ചു തന്നത് ഈ വലിയ പാഠമാണ്,” സഞ്ജു കൂട്ടിച്ചേര്‍ത്തു.