ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനിയുടെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി, കമ്പനി ഇന്ത്യയിലെ ഓപ്പറേഷനൽ ഹബ്ബായ ബെംഗളൂരുവിലേക്ക് ജീവനക്കാരെ ക്ഷണിച്ചുകൊണ്ട് ലിങ്ക്ഡ്ഇൻ വഴി അപേക്ഷ ക്ഷണിച്ചു. ഫിനാൻസ്, അക്കൗണ്ടിംഗ് വിഭാഗങ്ങളിലാണ് നിലവിൽ ഒഴിവുകളുള്ളത്. പേയ്‌മെന്റ് മാനേജർ, അക്കൗണ്ടിംഗ് മാനേജർ, സീനിയർ ട്രെഷറി അനലിസ്റ്റ്, ടാക്‌സ് മാനേജർ എന്നിവയാണ് പ്രധാന തസ്തികകൾ. ഈ ജോലികൾക്ക് റിമോട്ട് അല്ലെങ്കിൽ ഹൈബ്രിഡ് മോഡൽ സൗകര്യം ലഭിക്കില്ല.
കൃത്രിമ ഉപഗ്രഹ നെറ്റ്‌വർക്ക് വഴി കുറഞ്ഞ ലേറ്റൻസിയിലുള്ള ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് എത്തിക്കുക എന്നതാണ് സ്റ്റാർലിങ്ക് പദ്ധതിയുടെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖലയായ സ്റ്റാർലിങ്ക് ഇതിനകം പതിനായിരത്തിലധികം ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്. 2025 അവസാനത്തോടെയോ 2026-ന്റെ തുടക്കത്തിലോ ഇന്ത്യയിൽ സ്റ്റാർലിങ്ക് സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈ, ചെന്നൈ, നോയിഡ എന്നിവിടങ്ങളിൽ ഗേറ്റ്‌വേകൾ സ്ഥാപിക്കാൻ അനുമതിക്കായി കാത്തിരിക്കുന്ന സ്‌പേസ് എക്‌സ്, ഭാവിയിൽ ഗേറ്റ്‌വേകളുടെ എണ്ണം 9-10 ആയി ഉയർത്താനും പദ്ധതിയിടുന്നു.
സ്റ്റാർലിങ്കിന്റെ അതിവേഗ ബ്രോഡ്‌ബാൻഡ് സേവനത്തിന് ഇന്ത്യയിൽ പ്രതിമാസം എത്ര രൂപ ഈടാക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. പ്രതിമാസ ഫീസിന് പുറമേ, ഉപയോക്താക്കൾക്ക് വൈ-ഫൈ റൂട്ടറും സാറ്റലൈറ്റ് ഡിഷും ഉൾപ്പെടുന്ന സ്റ്റാർലിങ്ക് കിറ്റും വാങ്ങേണ്ടിവരും. അമേരിക്കയിൽ സ്റ്റാൻഡേർഡ് കിറ്റിന് ഏകദേശം 31,000 രൂപയും (349 ഡോളർ) സ്റ്റാർലിങ്ക് മിനി കിറ്റിന് 53,000 രൂപയുമാണ് (599 ഡോളർ) വില. ഇന്ത്യയിലെ ഉപഭോക്താക്കളെ ആകർഷിക്കാൻ അന്താരാഷ്ട്ര വിപണിയിൽ നിന്ന് വ്യത്യസ്തമായ പാക്കേജുകൾ സ്റ്റാർലിങ്ക് അവതരിപ്പിക്കാനാണ് സാധ്യത.
